തന്റെ വലതു കൈപ്പത്തി വെട്ടിയെടുത്ത് നിലത്തിട്ടുരച്ച ആക്രമ രാഷ്ട്രീയത്തിനെതിരെ കൈപ്പത്തിയില്ലാതെ കൈപ്പത്തി അടയാളത്തില്‍ ഷൈലരാജ് വോട്ടുതേടുന്നു

single-img
26 October 2015

Shailaraj

തന്റെ വലതു കൈപ്പത്തി വെട്ടിയെടുത്ത് നിലത്തിട്ടുരച്ച ആക്രമ രാഷ്ട്രീയത്തിനെതിരെ കൈപ്പത്തിയില്ലാതെ കൈപ്പത്തി അടയാളത്തിലാണ് ഷൈലരാജ് വോട്ടുതേടുന്നത്. തിരുവന്തപുരം ജില്ലയില്‍ അഴൂര്‍ ഡിവിഷനില്‍ നിന്നും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷൈലരാജാണ് തന്റെ കൈപ്പത്തി നഷ്ടപ്പെടുത്തിയ അക്രമ രാഷ്ട്രീയത്തിനെതിരെ പടനയിക്കുന്നത്.

പെരുങ്ങുഴി മേട ജംക്ഷനില്‍ സിഐടിയു- ഐഎന്‍ടിയുസി തൊഴില്‍തര്‍ക്കത്തെ തുടര്‍ന്ന് ഷൈലരാജിന് 22 വര്‍ഷം മുമ്പാണ് വലതുകൈപ്പത്തി നഷ്ടമായത്. ഐഎന്‍ടിയുസി വിഭാഗം തൊഴിലാളികളെ വിലക്കുന്ന സിഐടിയു നടപടിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ഷൈലരാജ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. അന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായിരുന്ന ഷൈലരാജ് ചുമടിറക്കാനും കയറ്റാനും ഐഎന്‍ടിയുസി തൊഴിലാളികള്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നതിന്റെ പേരിലുണ്ടായ വൈരാഗ്യം അക്രമത്തിലേക്കെത്തുകയായിരുന്നു.

1992 നവംബര്‍ 11നു സന്ധ്യയ്ക്ക് മേട ജംക്ഷനില്‍ നിന്നിരുന്ന ഷൈലരാജിനെ ഒരുസംഘം മാരാകായുധങ്ങളുമായി ാക്രമിച്ചു. ക്രൂരമായി മര്‍ദിച്ച് നിലത്തിട്ടശേഷം വെട്ടുകത്തി കൊണ്ടു വലതുകൈപ്പത്തി വെട്ടിമാറ്റുകയും ഇനിയൊരിക്കലും അത് കൈയുമായി കൂട്ടിച്ചേര്‍ക്കരുത് എന്ന ഉദ്ദേശത്തോടെ നിലത്തിട്ട് ഉരയ്ക്കുകയുമായിരുന്നു.

ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന ഷൈലരാജിനെ ആശുപത്രിയിലെത്തിക്കുകയും ജീവന്‍ തിരിച്ചുകിട്ടി രണ്ടുമാസത്തിനുശേഷം ആശുപത്രി വിടുമ്പോള്‍ വലതു കൈക്ക് പത്തി നഷ്ടപ്പെട്ടിരുന്നു. ഇന്ന് ആ പത്തിയില്ലാത്ത കൈയുയര്‍ത്തി ഷൈലരാജ് ജനങ്ങള്‍ക്ക് മുന്നിലെത്തുകയാണ്, അക്രമരാഷ്ട്രീയത്തിനെതിരെ വോട്ടുകള്‍ തേടി.