വിദേശതൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കുവൈത്ത്

single-img
7 October 2015

Passportകുവൈത്ത് സിറ്റി: വിദേശതൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടിക്ക് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നീക്കമാരംഭിച്ചു.  വിദേശികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ സ്വന്തം രാജ്യത്തേക്ക് യാത്രചെയ്യുന്നതിന് അവസരം നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന സ്വകാര്യകമ്പനികള്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശിച്ചതായി റിപ്പൊര്‍ട്ടുണ്ട്. കൂടാതെ സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയതായി തൊഴിലുടമ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് രേഖകള്‍ ശരിയാക്കുന്നതിന് ആഭ്യന്തരമന്ത്രാലയം അവസരം നല്‍കുന്നു. പാസ്‌പോര്‍ട്ട്, വിസ കാലാവധിയുള്ളവര്‍ക്ക് രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുന്നതിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കുടിയേറ്റവിഭാഗം ആര്‍ട്ടിക്കിള്‍ പതിനെട്ടാം നമ്പര്‍ വിസയിലെത്തിയവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും വിസയുടെ കാലാവധി ഉള്ളവര്‍ക്ക് മറ്റൊരു സ്‌പോണ്‍സറിലേക്ക് വിസ മാറ്റുന്നതിനും അവസരം നല്‍കും. വിദേശ തൊഴിലാളിക്ക് പുതിയൊരു സ്‌പോണ്‍സറെ കണ്ടെത്തിയശേഷം തൊഴില്‍മന്ത്രലായത്തിന്റെ നിബന്ധനകള്‍ക്കനുസൃതമായി വിസ മാറ്റാം. അടുത്തിടെ നിരവധി വിദേശ തൊഴിലാളികളാണ് സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയതായ കേസില്‍പ്പെട്ടിട്ടുള്ളത്. തൊഴിലുടമ തൊഴിലാളിയെ പീഡിപ്പിക്കുന്നതായുള്ള ഒട്ടേറെ പരാതികള്‍ തൊഴില്‍മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.

കേസുകള്‍ വര്‍ധിച്ചതിനാലാണ് ആഭ്യന്തരമന്ത്രാലയ കുടിയേറ്റ വിഭാഗവും മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുമായി ചര്‍ച്ചകള്‍ നടത്തി പുതിയ നീക്കം തുടങ്ങിയത്. വിദേശികള്‍ രാജ്യം വിട്ടുപോകുന്നതിന് മുമ്പ് സ്‌പോണ്‍സറുടെ അനുമതി തേടിയിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പബ്ലിക് അതോറിറ്റിയില്‍നിന്ന് യാത്രാനുവാദപത്രം എഴുതിവാങ്ങണം. യാത്രയ്ക്ക് പോകുന്നതിന് 24 മണിക്കൂര്‍ മുമ്പ് സ്‌പോണ്‍സര്‍ മുഖേന എമര്‍ജന്‍സി എക്‌സിറ്റ് പേപ്പറിനായി അപേക്ഷിക്കണം. സ്‌പോണ്‍സറുടെ അനുമതി കിട്ടാതെ വന്നാല്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഓഫീസില്‍നിന്ന് മൂന്ന് ഉദ്യോഗസ്ഥരുടെ ഒപ്പ് വാങ്ങിയാല്‍ അടിയന്തരയാത്രയ്ക്കുള്ള അനുമതി ലഭിക്കും.