ഇനിമുതല്‍ മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാകുന്ന രീതിയില്‍ മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി

single-img
6 October 2015

Mosque Loudspeakers in Islamic Cairo (Egypt)

മാതൃകാപരമായ ഒരു തീരുമാനമെടുത്തിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ മഹല്ല് കമ്മിറ്റി. പ്രദേശത്തെ മുസ്ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ മാത്രം ഉച്ചഭാഷിണികള്‍ ഉപയോഗിച്ചാല്‍ മതിയെന്നും പള്ളികളിലെ പ്രാര്‍ത്ഥനകളും മതപ്രസംഗങ്ങളും ഉച്ചഭാഷിണി വഴി പുറത്തുവിടില്ലെന്നുമാണ് പ്രദേശത്തെ പള്ളികളും മുസ്ലിം സംഘടനകളും ചേര്‍ന്ന് തീരുമാനമെടുത്തിരിക്കുന്നത്.

മറ്റുള്ളവര്‍ക്കുണ്ടാകുന്ന ശല്യം ഒഴിവാക്കാനായാണ് ഈരാറ്റുപേട്ടയിലെ മൂന്ന് മഹല്ലുകള്‍ക്ക് കീഴിലുള്ള അറുപതോളം പള്ളികളും മുസ്ലിം സംഘടനകളും യോജിച്ച് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. മറ്റു മതസ്ഥരെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം മഹല്ല് കമ്മിറ്റിയുടെ കീഴില്‍ നടപ്പിലാക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കി.

ബാങ്ക് വിളി ഒഴിച്ച് മറ്റു പ്രാര്‍ത്ഥനകള്‍ക്കും പ്രസംഗങ്ങള്‍ക്കും ഉച്ചഭാഷിണി ഉപയോഗിക്കില്ല. ബാങ്ക് വിളി മൂന്നോ നാലോ മിനിറ്റ് മാത്രമെ ഉണ്ടാകൂ. മറ്റു ചടങ്ങുകള്‍ക്ക് പള്ളിയുടെ ഉള്ളില്‍ മാത്രം കേള്‍ക്കുന്ന തരത്തില്‍ ശബ്ദം ക്രമീകരിക്കുവാനാണ് ആലോചന. മാത്രമല്ല ബാങ്ക് വിളിക്കിടെ പ്രദേശത്തെ കലവകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റും പ്രസംഗമോ പരിപാടികളോ നടക്കുന്നുണ്ടെങ്കില്‍ അത് നിര്‍ബന്ധപൂര്‍വ്വം തടയേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇമപ്പാള്‍ ബാങ്ക് വിളി കഴിയും വരെ മറ്റു പ്രസംഗങ്ങള്‍ നടന്നാല്‍ അത് നിര്‍ത്തിവെക്കുന്ന പതിവ് ഈ രാറ്റുപേട്ടയിലുണ്ട്.

മതസൗഹാര്‍ദ്ദം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഈ തീരുമാനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംയുക്ത മഹല്ല് ജമാഅത്ത് പറഞ്ഞു.