പെണ്‍ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപകമായി ബോധവത്കരണപദ്ധതി വരുന്നു

single-img
25 September 2015
female_foeticideകോഴിക്കോട്: സ്ത്രീപുരുഷ അനുപാതം കുറയുന്ന സാഹചര്യത്തില്‍ പെണ്‍ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപകമായി ബോധവത്കരണം തുടങ്ങുന്നു. ഹെറിറ്റേജ് ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ‘ഫയ്റ്റ് ഫോര്‍ ഫൊയറ്റസ്’എന്നപേരിലാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 11ന് ഇന്ത്യയൊട്ടുക്കും നടക്കും.
പെണ്‍ഭ്രൂണഹത്യയിലേക്ക് വഴിതെളിക്കുന്ന അള്‍ട്രാ സൗണ്ട് സ്‌കാനിങ് അടക്കമുള്ള സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയുക, സാമ്പത്തിക ലാഭത്തിനുവേണ്ടി ഇതിന് കൂട്ടുനില്‍ക്കുന്ന ഡോക്ടര്‍മാരെ പിന്തിരിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു. ഇതിനായി എന്‍.ജി.ഒ.കള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകള്‍ തുടങ്ങിയവയെ കോര്‍ത്തിണക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഹെറിറ്റേജ് ഇന്ത്യ ഫൗണ്ടേഷന്‍ ഒരുക്കുക.
 ആഗസ്ത് 15ന് അനൗദ്യോഗികമായി തുടങ്ങിയ പ്രചാരണം കമല്‍ഹാസന്‍, ഡോ. ശശി തരൂര്‍, അരവിന്ദ് കെജ്‌രിവാള്‍, മേനക ഗാന്ധി, മൂണ്‍ മൂണ്‍ സെന്‍, എം.കെ. റെയ്‌ന, സായ് പല്ലവി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അണിനിരന്നുകഴിഞ്ഞു. ഭ്രൂണഹത്യ കൊലപാതകമാണെന്നും പെണ്‍ഭ്രൂണഹത്യ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ വെല്ലുവിളിയാണെന്നും  കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. 2011ലെ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറുവയസ്സില്‍ താഴെ പ്രായമുള്ളവരില്‍ കേരളമടക്കം വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് സ്ത്രീപുരുഷ അനുപാതം മികച്ചനിലയിലുള്ളത്. കേരളത്തില്‍ ഇത് 966 ആണ്.