ഡോക്ടര്‍മാരുടെ സമരം മൂലം പനിബാധിച്ച് ആശുപത്രിയിലെത്തിച്ച ഏഴ് വയസ്സുകാരന്‍ വിദഗ്ദ ചികിത്സ കിട്ടാതെ മരണമടഞ്ഞു

single-img
15 September 2015

Amma

ഡോക്ടര്‍മാരുടെ സമരം മൂലം പനിബാധിച്ച് ആശുപത്രിയിലെത്തിച്ച ഏഴ് വയസ്സുകാരന്‍ വിദഗ്ദ ചികിത്സ കിട്ടാതെ മരണമടഞ്ഞു. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16ാം വാര്‍ഡ് ക്രിസ്തുരാജ കോളനിയില്‍ നെടിയാംപുരയ്ക്കല്‍ ജോണ്‍സണ്‍ സൗമ്യ ദമ്പതിമാരുടെ മകന്‍ നിഖില്‍ ജോണ്‍സനാണ് ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ വെച്ച് മരണമടഞ്ഞത്.

കുഞ്ഞിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ആംബുലന്‍സ് കിട്ടിയില്ലെന്നും ആരോപിച്ച് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ആസ്പത്രിക്ക് മുന്നില്‍ റോഡ് ഉപരോധിച്ചു. നിഖിലിനെ പനി കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന് ചെട്ടികാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍നിന്ന് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും ഗഌക്കോസ് ഡ്രിപ്പ് മാത്രമാണ് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടിയുടെ സ്ഥിതി വഷളാകുകയായിരുന്നു.

മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ 108 ആംബുലന്‍സിനായി ബന്ധപ്പെട്ടെങ്കിലും ഓക്‌സിജന്‍ ഇല്ലെന്നാണ് കാരണം പറഞ്ഞ് ആംബുലന്‍സ് എത്തിയില്ല. വൈകിട്ട് മൂന്ന് മണിയോടെ കുട്ടി മരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ജനറല്‍ ആസ്പത്രിയിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും കൂടുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിടില്ലെന്ന നിലപാടെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ജനറല്‍ ആസ്പത്രിക്ക് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

നാഷണല്‍ ഹൈവേയും ജനറല്‍ ആസ്പത്രിക്ക് മുന്നിലെ റോഡും സമരക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടറുടെയും കെ.സി. വേണുഗോപാലിന്റെയും നേതൃത്വത്തില്‍ ബന്ധുക്കളുമായും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തുകയും 24 മണിക്കൂറിനുള്ളില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.പദ്മകുമാര്‍ ഡി.എം.ഒ.യ്ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം ഇവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍് ശാന്തരായത്.

മന്ത്രി വി.എസ്. ശിവകുമാര്‍ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കറിന് നിര്‍ദേശം നല്‍കി. കാട്ടൂര്‍ ഹോളിഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച നിഖില്‍.