രാജ്യാന്തര വേദികളില്‍ സ്വന്തം രാജ്യത്തിന്റെ അഭിമാനമുയര്‍ത്തേണ്ട ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ കമല്‍കുമാര്‍ നിത്യവൃത്തിക്കായി മാലിന്യം വാരുന്നു

single-img
4 September 2015

KamalKumarഇന്ത്യയെ സംബന്ധിച്ച് ദേശീയ കായിക വിനോദം ഹോക്കിയാണെങ്കിലും പണവും പ്രശസ്തിയും വാരുന്നത് ക്രിക്കറ്റാണ്. എന്നാല്‍ ക്രിക്കറ്റിന് ഒളിമ്പിക്‌സ് പോലുള്ള വേദികളില്‍ പ്രവേശനമില്ലെന്നത് വിരോധാഭാസവും. പക്ഷേ ഒളിമ്പിക്‌സ് പോലുള്ള മാമാങ്കങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ട കായിക താരങ്ങള്‍ ഇന്ന് കഴിയുന്നത് കടുത്ത ദാരിദ്ര്യത്തിലാണെന്നുള്ളതാണ് യഥാര്‍ത്ഥ വസ്തുത. അതിന് ഉദാഹരണമാണ് ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ കമല്‍കുമാറിന്റെ ജീവിതവും.

ലോക ബോക്‌സിങ് വേദികളില്‍ രാജ്യത്തിന് വേണ്ടി തലയുയര്‍ത്തി പിടിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അവഗണന മാത്രം ലഭിച്ച് കമല്‍കുമാര്‍ ഇന്ന് വീടുകളില്‍ മാലിന്യം വാരിയാണ് ജീവിക്കുന്നത്. സ്വന്തം കുടുംബത്തെ പോറ്റാന്‍ അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. വാഗ്ദാനങ്ങള്‍ ഒത്തിരിയുണ്ടായെങ്കിലും എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാണെന്നാണ് കമല്‍കുമാര്‍ പറയുന്നത്.

‘ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭിച്ചില്ല. ഇന്ന് എന്നെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തെ പോറ്റാന്‍ ഇപ്പോള്‍ വീടുകള്‍ കയറി മാലിന്യങ്ങള്‍ പെറുക്കുകയാണ്’ കാണ്‍പൂരില്‍ താമസിക്കുന്ന കമല്‍കുമാര്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

കമല്‍കുമാറിന് നാല് മക്കളുണ്ട്. അതില്‍ രണ്ട് പേര്‍ ബോക്‌സര്‍മാരാണ്. മൂത്ത മകനെ കമല്‍ തന്നെയാണ് പരിശീലിപ്പിച്ച് ദേശീയതാരമാക്കിയത്. ബോക്‌സിങ്ങ് എന്റെ ജീവനായിരുന്നുവെങ്കിലും എവിടെനിന്നും സാമ്പത്തികമായ പിന്തുണ ലഭിച്ചില്ലെന്നും കമല്‍ പറയുന്നു. തനിക്ക് ലഭിക്കാതെ പോയ സ്വപ്‌ന സാഫല്യം മക്കളിലൂടെ സഫലീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.