തലസ്ഥാന നഗരിയിലെ കഴക്കൂട്ടം ബൈപ്പാസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് ജില്ലമുഴുവന്‍ നരേന്ദ്രമോദി സര്‍ക്കാരിന് ആശംസയര്‍പ്പിച്ചുള്ള ഫ്‌ളെക്‌സുകള്‍; ശശി തരൂരിന്റെ ശ്രമഫലമായി കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി എങ്ങനെ ബി.ജെ.പിയുടേതായി എന്നറിയാതെ ജനങ്ങളും

single-img
31 August 2015

Modi Flex

തിരുവനന്തപുരം എം.പി ശശി തരൂരിന്റെ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളുടെ ഫലമായി നടപ്പിലാകുന്ന കഴക്കൂട്ടം ബൈപ്പാസ് രണ്ടുവരി പാതയില്‍ നിന്നും നാലുവരിയാക്കല്‍ പദ്ധതി ബി.ജെ.പിയുടെ പേരിലെഴുതിച്ചേര്‍ക്കുന്നുവെന്ന് ആക്ഷേപം. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ അനുവദിച്ച പദ്ധതി ടെണ്ടര്‍ നടപടികള്‍ വൈകിയതു കാരണം നിര്‍മ്മാണോത്ഘാടനം ഇത്രയും നാള്‍ വൈകിയതിന്റെ പേരില്‍ പദ്ധതിയുടെ പിതൃത്വം ബി.ജെ.പി സ്വന്തം പേരില്‍ ഏറ്റെടുക്കന്നത് അപഹാസ്യമാണെന്ന് കഴക്കൂട്ടം എം.എല്‍.എ എം.എ വാഹിദ് ഇ-വാര്‍ത്തയോട് പറഞ്ഞു.

യു.പി.എ ഗവണ്‍മെന്റ് പണം അനുവദിച്ചുവെങ്കിലും റോഡിന്റെ അലെയ്‌മെന്റ് സംബന്ധിച്ചുണ്ടായ ചെറിയ ആശയക്കുഴപ്പവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള റോഡ് ഹൈവേയില്‍ ജോയിന്റാകുന്നത് സംബന്ധിച്ച പ്രശ്‌നവും ടെണ്ടര്‍ നടപടികള്‍ ഒരുവര്‍ഷത്തോളം വൈകിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ത്തിയാകേണ്ട റോഡായിരുന്നു ഇതെന്നും എം.എല്‍.എ സൂചിപ്പിച്ചു.

ഇത്രയും കാലത്തിനിടയ്ക്ക് ഏതുവിധേനയും ബി.ജെ.പിക്കാര്‍ നടക്കരുതെന്ന് ആഗ്രഹിച്ച പ്രസ്തുത പദ്ധതിക്ക് അവകാശ വാദവുമായി അവര്‍ മുന്നില്‍ വന്നിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതുകൊണ്ട് മാത്രമാണ് ബി.ജെ.പി ഈ പദ്ധതിയെ അംഗീകരിക്കുന്നതെന്നും അതല്ലായിരുന്നുവെങ്കില്‍ അവര്‍ ഏഎതുവിധേനയും ഇതിനെ തടയാന്‍ മാത്രമേ നോക്കുമായിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ തന്നെ പദ്ധതി സംബന്ധിച്ച ബ്രോഷറുകളിലും പോസ്റ്ററുകളിലും ജനപ്രതിനിധികള്‍ക്ക് മുകളില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ പേര് വന്നതിനേയും എം.എ വാഹിദ് രൂക്ഷമായി വിമര്‍ശിച്ചു. ഒരു പ്രോട്ടോക്കോളിലും വരാത്ത വ്യക്തിയെ എം.എല്‍.എ മാര്‍ക്ക് മുന്നില്‍ പ്രതിഷ്ഠിച്ച ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ നടപടിയെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതൃത്വം ഇത്തരം കാര്യങ്ങളെ ദുഷ്ടലാക്കോടെയാണ് കാണുന്നതെങ്കിലും താന്‍ കാര്യങ്ങളെ പോസിറ്റാവായി കാണുന്നതിനാല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിക്കുന്ന പ്രൊപ്പോസല്‍ അംഗീകരിക്കുക എന്ന കര്‍ത്തവ്യം മാത്രമേ കേന്ദ്രസര്‍ക്കാരിനുള്ളു എന്നിരിക്കേ, അത് യു.പി.എ സര്‍ക്കാര്‍ അംഗീകരിച്ച കാര്യമായിട്ടുകൂടി അതിന്റെ പേരില്‍ മണ്ഡലത്തിലുടനീളം കൊട്ടിഘോഷിച്ച് രപചരണം നടത്തി തങ്ങളാണ് അവകാശികളെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി നേതൃത്വം തികച്ചും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. ഇത് ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്വത്തേയാണ് കാണിക്കുന്നതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.