കെ.എസ്.ആര്‍.ടി.സിയുടെ സില്‍വര്‍ ജെറ്റ് ബസിന്റെ പത്തുദിവസത്തെ വരുമാനം 4 ലക്ഷത്തോളം രൂപ

single-img
31 July 2015

maxresdefault

ശരിയായ പ്ലാനിംഗ് ഉണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടുമെന്ന് വീണ്ടും തെളിഞ്ഞു. തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക് പന്ത്രണ്ടര മണിക്കൂര്‍ കൊണ്ടെത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ സില്‍വര്‍ ജെറ്റ് ബസിന്റെ പത്തുദിവസത്തെ വരുമാനം 3,76,967 രൂപയാണെന്നുള്ളത് ആ ഒരു കാര്യമാണ് തെളിയിക്കുന്നത്. അതായത് ഒരു ദിവസത്തെ ശരാശരി വരുമാനം മുപ്പത്തിയേഴായിരം രൂപ.

കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്ന പ്രതിദിന വരുമാനം 50000 രൂപയാണെങ്കിലും തുടക്കത്തിലെ ഈ കളക്ഷന്‍ ലക്ഷ്യം മറികടക്കുമെന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. സില്‍വര്‍ ജെറ്റ് സര്‍വീസിനെ കുറിച്ച് യാത്രക്കാര്‍ അറിഞ്ഞുവരുന്നതേയുള്ളുവെന്നു കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദ് പറയുന്നു. സര്‍വ്വീസ് ജനകീയമാകുന്നതോടുകൂടി ഒരു ദിവസത്തെ വരുമാനം 50000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പതിനാലിനാണു തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ജെറ്റ് സര്‍വീസ് തുടങ്ങിയത്. ആദ്യദിനങ്ങളില്‍ വരുമാനം 50000 കടന്ന ദിവസമുണ്ടായിരുന്നു. ജൂലൈ 19ന് 51,198 രൂപയായിരുന്നു സില്‍വല്‍ ജെറ്റിന്റെ വരുമാനം. പതിനാറിന് ആരംഭിച്ച കോട്ടയം-കണ്ണൂര്‍ സില്‍വല്‍ ജെറ്റ് സര്‍വീസും മികച്ചവരുമാനം നേടുന്നുണ്ടെന്നാണ് വിവരം.

തിരുവനന്തപുരത്തു നിന്നു വൈകിട്ട് ഏഴിനു പുറപ്പെടുന്ന സര്‍വീസ് പിറ്റേന്നു രാവിലെ 7.30നു കാസര്‍കോട്ട് എത്തുന്നരീതിയിലാണ് യാത്രയുടെ ക്രമീകരണം. തിരിച്ചു വൈകിട്ട് എട്ടിനു കാസര്‍കോട്ടു നിന്നു തുടങ്ങുന്ന സര്‍വീസ് രാവിലെ 8.30നു തിരുവനന്തപുരത്ത് എത്തും. പുഷ്ബാക്ക് സീറ്റുകളുള്ള ബസില്‍ ലാപ്‌ടോപ്, മൊബൈല്‍ എന്നിവ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. വൈഫൈ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 720 രൂപയാണ്
ടിക്കറ്റ് നിരക്ക്.

കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralartc.com വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബസ് യാത്ര തുടങ്ങുന്നതിന്റെ 24 മണിക്കൂര്‍ മുന്‍പു വരെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം. തിരുവനന്തപുരം, എറണാകുളം ബസ് ഡിപ്പോകളിലും റിസര്‍വ് ചെയ്യാനുള്ള സൗകര്യമുണ്ട്.