ഇന്ത്യന്‍ കബഡി ലീഗില്‍ പാക് താരങ്ങളെ കളിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി ശിവസേന

single-img
17 July 2015

jaipurന്യൂഡല്‍ഹി: ഇന്ത്യന്‍ കബഡി ലീഗിനെതിരെ പ്രതിഷേധവുമായി ശിവസേന രംഗത്ത്. പ്രോ കബഡി ലീഗിന്റെ രണ്ടാം എഡീഷണില്‍ പാക് താരങ്ങളെ ഉള്‍പ്പെടുത്തിയതില്‍ ശക്തമായ എതിര്‍പ്പാണ് ശിവസേന രേഖപ്പെടുത്തിയിരിക്കുന്നത്. ലീഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് സംഘാടകസമിതി ഓഫീസിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തി. എട്ടു ടീമുകള്‍ നിരക്കുന്ന കബഡി ലീഗിന്റെ രണ്ടാം എഡീഷന്‍ ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിഷേധം

പാക് കളിക്കാരെ കളിക്കാന്‍ ഇറക്കരുതെന്ന് സംഘാടകര്‍ക്ക് ശക്തമായ താക്കീതും പാര്‍ട്ടി നല്‍കിയതായിട്ടാണ് വിവരം. അതിര്‍ത്തിയില്‍ തങ്ങളുടെ പട്ടാളക്കാരെ കുരുതി നടത്തുന്നവരുടെ കളിക്കാരെ ഇവിടെ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അനുവദിക്കണമോയെന്ന് ശിവസേന നേതാക്കള്‍ ചോദിക്കുന്നു.

പാക് കളിക്കാരെ ഒഴിവാക്കിയല്ലാതെ ടൂര്‍ണമെന്റ് നടത്താന്‍ അനുവദിക്കില്ലെന്നും ശിവസേനാ നേതാക്കള്‍ പരിപാടിയുടെ മുഖ്യ സംഘാടകരെ അറിയിച്ചിരിക്കുകയാണ്.

പാക് കളിക്കാരെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് മുമ്പോട്ട് കൊണ്ടുപോകാനാണ് നീക്കമെങ്കില്‍ പ്രതിഷേധം തനി ശിവസേന സ്‌റ്റൈലിലേക്ക് മാറുമെന്നും ഭീഷണി മുഴക്കി. . ശിവസേനയുടെ തട്ടകമായ മുംബൈയിലെ ദേശീയ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ലീഗ് നടക്കുന്നത്.

ഈ സീസണില്‍ പാകിസ്താനില്‍ നിന്നും മൂന്ന് കളിക്കാരാണ് ലീഗില്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിന്റെ വിജയത്തില്‍ പാക് താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമായി മാറിയിരുന്നു.