ഞങ്ങള്‍ക്ക് ഞങ്ങളുണ്ടാക്കിയ പച്ചക്കറി; തമിഴ്‌നാട്ടില്‍ നിന്നും ദിവസവും 16 ടണ്‍ പച്ചക്കറി എത്തിക്കൊണ്ടിരുന്ന കൊല്ലം ജില്ലയില്‍ ഇപ്പോള്‍ എത്തുന്നത് വെറും 6 ടണ്‍

single-img
2 June 2015

20080704251303302

കൊല്ലം ജില്ല ഏകദേശം അന്യസംസ്ഥാന പച്ചക്കറികളോട് ഗുഡ്‌ബൈ പറഞ്ഞുകഴിഞ്ഞു. വീട്ടുവളപ്പിലും മട്ടുപ്പാവുകളിലും കൊച്ചു കൃഷിയിടങ്ങള്‍ രൂപപ്പെട്ടതോടെ കൊല്ലം പതുക്കെ പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് നടന്നടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകളനുസരിച്ച് കൊല്ലത്തേക്ക് ദിവസവും എത്തുന്ന പച്ചക്കറിയുടെ അളവ് 16 ടണ്ണില്‍നിന്ന് ഒറ്റയടിക്ക് ആറായി കുറഞ്ഞിരിക്കുന്നു.

കൊല്ലം ജില്ലയിലെ പച്ചക്കറി ഉത്പാദനം ആവശ്യമായതിന്റെ ഏഴ് ശതമാനമായിരുന്നത് 80 ശതമാനമായി ഉയര്‍ന്നതാണ് അവിശ്വസനീയമായ ഈ മാറ്റത്തിന് കാരണം. ഇപ്പോള്‍ സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയ ഇനങ്ങള്‍ക്ക് മാത്രമാണ് ജില്ലയിലെ ജനങ്ങള്‍ അന്യ സംസ്ഥാനത്തെ ആശ്രയിക്കുന്നത്.

ജില്ലാ പഞ്ചായത്ത് അടക്കമുള്ള തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങിയതോടെയുണ്ടായ ഈ മാറ്റം വലിയൊരു സൂചനയാണ് മറ്റു ജില്ലകളിലേക്കും പകരുന്നത്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന പഴമൊഴി കൊല്ലത്തെ സംബന്ധിച്ച് യാഥാര്‍ത്ഥ്യമായി. ജില്ലയോട് ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാടിനെയായിരുന്നു പച്ചക്കറിക്കായി കൊല്ലം ജില്ല ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത്. ഇപേപ്പാള്‍ അവരുടെ കുത്തക ഇടിയുകയാണ്.

കൂടുതല്‍ വിളവിന് അനിയന്ത്രിതമായി രാസവളങ്ങള്‍ ഉപയോഗിക്കുന്നതും കീടങ്ങളെ അകറ്റാനും ചീയാതിരിക്കാനുമൊക്കെ അപകടകരവും നിരോധിച്ചതുമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതും ഇതേപ്പറ്റി കൃഷിആരോഗ്യ വകുപ്പുകളുടെ മുന്നറിയിപ്പും ബോധവത്കരണവുമാണ് മലയാളിയെ മാറ്റി ചിന്തിപ്പിച്ചു തുടങ്ങിയത്. മലയാളി സ്വമേധയാ രംഗത്തിറങ്ങിയതോടെയാണ് പച്ചക്കറി ഉത്പാദനമേഖലയില്‍ വിപ്ലവകരമായ നേട്ടം ജില്ലയ്ക്കുണ്ടായെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍പറഞ്ഞു.