ബീഫ് കഴിക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന കേന്ദ്ര മന്ത്രി നഖ്‌വിയുടെ പ്രസ്താവനയെ തിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

single-img
30 May 2015

RAJNATHബീഫ് കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ പാക്കിസ്ഥാനില്‍ പോകണമെന്ന കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവന തിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ബീഫ് കഴിക്കുന്ന കാര്യത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നും എല്ലാ ഇന്ത്യക്കാരും ഇന്ത്യയില്‍ തന്നെ തുടരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് നഖ്‌വിയുടേതായ വിവാദ പ്രസ്താവന വന്നത്. ബീഫ് കഴിക്കാതെ ജീവിക്കാന്‍ കഴിയാത്തവര്‍ക്ക് പാക്കിസ്ഥാനിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകാം. അല്ലെങ്കില്‍ ബിഫ് ലഭിക്കുന്ന ഏതു സ്ഥലത്തേയ്ക്കു വേണമെങ്കിലും പോകാം. ഇത് ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ വിഷയമല്ല, മറിച്ച് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ബീഫ് വിഷയത്തില്‍ മുസ്‌ലിമുകള്‍ പോലും ഇതിനെതിരാണ്:- നഖ്‌വി പറഞ്ഞിരുന്നു.

എന്നാല്‍ ഈ പ്രസ്താവയെ എതിര്‍ത്തുകൊണ്ട് മന്ത്രിസഭയില്‍ നിന്നുതന്നെ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് ആദ്യം രംഗത്തെത്തിയത്. അരുണാചല്‍ പ്രദേശില്‍ നിന്നുമുള്ള താന്‍ ബീഫ് കഴിക്കുമെന്ന് പറഞ്ഞ മന്ത്രി തന്നെ അതില്‍ നിന്നും തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞു.