നിയമപരമായ വിവാഹബന്ധം നിലനില്‍ക്കേയാണെങ്കിലും മറ്റൊരു സ്ത്രീക്കൊപ്പം താമസിച്ചതിനാല്‍ ആ സ്ത്രീയും ജീവനാംശത്തിന് അര്‍ഹയാണെന്ന് സുപ്രീംകോടതി; പങ്കാളി കോള്‍ഗേളായിരുന്നെന്നു പറഞ്ഞ ഹര്‍ജ്ജിക്കാരന് കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
6 May 2015

courtവിവാഹത്തിലൂടെയല്ലാതെയുള്ള ലിവ് ഇന്‍ ബന്ധങ്ങളിലെ പങ്കാളിയും ജീവനാംശത്തിന് അര്‍ഹയാണെന്ന് സുപ്രീം കോടതിയുടെ വിധി. ഒന്നിച്ചു ജീവിച്ചിരുന്നോ എന്നുള്ളതല്ലാതെ ഏതെങ്കിലും നിയമപ്രകാരം വിവാഹിതരായോ എന്നതല്ല ജീവനാംശം ലഭിക്കുന്നതിന് മാനദണ്ഡമായി കണക്കാക്കേണ്ടതെന്നും കോടതി സൂചിപ്പിച്ചു.

ഒരു വിവാഹബന്ധം നിലനില്‍ക്കേ മറ്റൊരു സ്ത്രീക്കൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിച്ച ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി. ഹര്‍ജ്ജിക്കാരന്‍ ഈ ബന്ധത്തിലെ പങ്കാളിക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കണമെന്നു ബോംബെ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നതിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

49 വര്‍ഷമായി താന്‍ മറ്റൊരു സ്ത്രീയെ നിയമപ്രകാരം വിവാഹം കഴിച്ചിട്ടുണ്ടെന്നും ആ ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന അറിവോടെയാണ് ഒന്നിച്ചു ജീവിക്കാന്‍ തന്റെ പങ്കാളി തയാറായതെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചുവെങ്കിലും ആ വാദം ജീവനാംശം നിഷേധിക്കാനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.

തന്റെ പങ്കാളി ഒരു കോള്‍ഗേളായിരുന്നുവെന്നും അവരുടെ പൂര്‍ണബോധ്യത്തോടെയും സമ്മതത്തോടെയും ഒന്നിച്ചു ജീവിക്കുകയായിരുന്നെന്നും അപ്പീലില്‍ വാദിച്ച ഹര്‍ജ്ജിക്കാരനെ കോടതി വിമര്‍ശിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ ഹര്‍ജിക്കാരന്‍ ഒരു വിഷയലമ്പടനാണെന്നു പറയേണ്ടിവരുമെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഈ ബന്ധത്തില്‍ ഹര്‍ജ്ജിക്കാരന് ഒരു കുട്ടിയുമുണ്ട്.