സൗദി അതിർത്തിയിൽ ഹൂതികളുടെ ഷെല്ലാക്രമണം; മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ആശങ്കയിൽ

single-img
6 May 2015

saudiറിയാദ്‌: സൗദിയിലെ നജ്‌റാനിലേക്കു ഹൂതികളുടെ ഷെല്ലാക്രമണം. വിദേശികളും സ്വദേശികളും ഭീതിയുടെ നിഴലില്‍. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. വിമതര്‍ അഞ്ചു സൗദി സൈനികരെ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. ആക്രമണത്തെത്തുടര്‍ന്ന്‌ അതിര്‍ത്തിമേഖലയായ നജ്‌റാനിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി റദ്ദാക്കി. സൗദി-യെമന്‍ അതിര്‍ത്തി പ്രദേശമായ നജ്‌റാനിലെ ജനസാന്ദ്രതയേറിയ പ്രദേശം ലക്ഷ്യമാക്കിയായിരുന്നു ഹൂദികളുടെ ആക്രമണം. മലയാളികളടക്കം ധാരാളം ഇന്ത്യക്കാര്‍ ഇവിടെയുണ്ട്‌.

സൗദി സമയം ഇന്നലെ രാവിലെ 11നാണ്‌ ആക്രമണം തുടങ്ങിയത്‌. നജ്‌റാനില്‍ നുഴഞ്ഞുകയറിയ ഹൂദികള്‍ സര്‍ക്കാര്‍ സ്‌ഥാപനങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട്‌ ഷെല്ലുകള്‍ വര്‍ഷിച്ചു. ഇതോടെ മേഖലയിലെ സ്‌കൂളുകള്‍ അടക്കം അടച്ചിട്ടിരിക്കുകയാണ്‌.  നജ്‌റാനിലേക്കു നടത്തിയ ഷെല്ലാക്രമണത്തില്‍ നിരവധി കെട്ടിടങ്ങളാണു തകര്‍ന്നത്‌. ഹൂതികള്‍ അഞ്ചു സൗദി സൈനികരെ പിടികൂടിയെന്ന്‌ ഗോത്രനേതാക്കള്‍ അവകാശപ്പെട്ടെങ്കിലും സൗദി പ്രതിരോധ മന്ത്രാലയമോ മാധ്യമങ്ങളോ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ ഇവിടേക്കുള്ള സര്‍വീസുകള്‍ തുടരില്ലെന്ന്‌ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സൗദിയ എയര്‍ലൈന്‍സ്‌ വ്യക്‌തമാക്കി.

ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കും യെമന്‍ മുന്‍ പ്രസിഡന്റ്‌ അലി അബ്‌ദുള്ള സലേയെ പിന്തുണയ്‌ക്കുന്ന സൈനിക കൂട്ടുകെട്ടുകള്‍ക്കുമെതിരേ സൗദിയുടെ നേതൃത്വത്തില്‍ ബോംബാക്രമണം തുടങ്ങി ഒരു മാസത്തിന് ശേഷമാണ് ഹൂദികളുടെ തിരിച്ചടി.