എമിറേറ്റില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിന് മതകാര്യ വകുപ്പില്‍നിന്ന് അനുമതി വാങ്ങണം

single-img
22 April 2015

uaeദുബായ്: ഔദ്യോഗിക കേന്ദ്രങ്ങളുടെ അനുമതിയോടു കൂടി മാത്രമേ എമിറേറ്റില്‍ നിന്നും സംഭാവന സ്വീകരിക്കാവൂയെന്ന്  നിയമം വന്നു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തുമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സംഭാവനകള്‍ സ്വീകരിക്കുന്നവരും പണപ്പിരിവു നടത്തുന്നവരും മതകാര്യ വകുപ്പില്‍നിന്ന് അനുമതി വാങ്ങണമെന്നാണു നിയമം.

അധികൃതരുടെ അനുമതിയില്ലാതെ പിരിവുനടത്തുന്നവര്‍ക്കു തടവും പിഴയും ഈടാക്കും. അനധികൃതമായി സംഭാവന സ്വീകരിക്കുന്നവര്‍ക്ക് ഒരുമാസത്തില്‍ കുറയാത്തതും ഒരുവര്‍ഷത്തില്‍ കൂടാത്തതുമായ തടവുശിക്ഷയാണു ലഭിക്കുക. 5000 ദിര്‍ഹമായിരിക്കും പിഴ ചുമത്തുക.  പിഴയായി ഈടാക്കുന്ന തുക ഒരുലക്ഷം ദിര്‍ഹംവരെ ഉയര്‍ത്താനും പുതിയ നിയമത്തിലൂടെ സാധിക്കും. കോടതിവിധി പ്രകാരം രണ്ടില്‍ ഏതെങ്കിലും ഒരുശിക്ഷയും നിയമം ലംഘിക്കുന്നവര്‍ക്കു ലഭിക്കാന്‍ ഇടയുണ്ട്.

പണപ്പിരിവിനായി പത്ര പ്രസിദ്ധീകരണങ്ങളിലും ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലും പരസ്യം നല്‍കുന്നതിന് മതകാര്യ വകുപ്പില്‍നിന്നു രേഖാമൂലം അനുമതി വേണം. അല്ലാത്തപക്ഷം ശിക്ഷിക്കപ്പെടും. സംഭാവനകള്‍ നല്‍കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം അത് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുകയാണു നിയമംകൊണ്ടു ലക്ഷ്യമിടുന്നത്. നിര്‍ബന്ധവും ഐച്ഛികവുമായ ദാനധര്‍മ്മങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ വഴിയാകണം സ്വീകരിക്കേണ്ടത്.

പണം പിരിക്കുന്നതും അതു വിനിമയം ചെയ്യുന്നതും നിയമാനുസൃതമായിരിക്കണം. യുഎഇ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എമിറേറ്റുകളിലെ ഭരണാധികാരികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്ന സംഭാവനകളെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.