ചാംപ്യന്‍സ് ലീഗ് ക്വാർട്ടര്‍; ബയേണ്‍ മ്യൂണിക്കിനെതിരെ പോര്‍ട്ടോയ്ക്ക് ജയം

single-img
16 April 2015

saveലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിൽ ആദ്യപാദ ക്വാർട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പോര്‍ട്ടോയ്ക്ക് ജയം. (1-3). അതേസമയം, ബാര്‍സലോന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പാരിസ് സെന്റ് ജര്‍മനെ പരാജയപ്പെടുത്തി.

ഹോം ഗ്രൗണ്ടിൽ കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ കിട്ടിയ അവസരം മുതലാക്കാന്‍ പോര്‍ട്ടോ താരം റിക്കാര്‍ഡോ ക്വാരേസ്മയ്ക്ക് കഴിഞ്ഞു. പത്താം മിനിറ്റില്‍ രണ്ടാം ഗോളും വീണു. ക്വാരേസ്മയ്ക്ക് ഇരട്ടഗോള്‍ നേട്ടം. ഇതോടെ ബയേണ്‍ മ്യൂണിക് പ്രതിരോധത്തിലായി. എന്നാല്‍ ഇരുപത്തിയെട്ടാം മിനിറ്റില്‍ തിയേഗോ അലസാന്തരയിലൂടെ ബയേണ്‍ മ്യൂണിക് തിരിച്ചടിച്ചു. പക്ഷേ അറുപത്തിയഞ്ചാം മിനിറ്റില്‍ ജാക്‌സണ്‍ മാര്‍ട്ടിനേസിലൂടെ പോര്‍ട്ടോ അവരുടെ മൂന്നാം ഗോളും നേടി. ഇതോടെ അടുത്തയാഴ്ച നടക്കുന്ന ബയേണിന്റെ ഹോം മല്‍സരം നിര്‍ണായകമായി.

ലൂയിസ് സുവാരസിന്റെ ഇരട്ടഗോള്‍ നേട്ടത്തിലാണ് ബാര്‍സലോന ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ വിജയിച്ചത്. 18-ാം  മിനിറ്റില്‍ നെയ്മറാണ് ആദ്യം വല ചലിപ്പിച്ചത്. രണ്ടാം പകുതിയിലെ 67-ാം മിനിറ്റിലും 79-ാം മിനിറ്റിലും സുവാരസ് ലക്ഷ്യം കണ്ടു. 82-ാം മിനിറ്റില്‍ ബാര്‍സലോന താരം ജെറമി മാത്യുവിന്റെ സെല്‍ഫ്‌ഗോള്‍ പാരിസ് സെന്റ് ജര്‍മന് അക്കൗണ്ട് തുറക്കാനുള്ള അവസരം നല്‍കി.