ഹൃദയാഘാതത്താല്‍ മരണത്തെ മുഖാമുഖം കണ്ട ശിവരാമനെ 14 കിലോമീറ്റര്‍ സഞ്ചരിച്ച് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച പോലീസ് വിജയഗാഥ

single-img
2 April 2015

3605363655_sivaraman

ഹൃദയാഘാതത്താല്‍ ഗുരുതരാവസ്ഥയിലായ ശിവരാമനേയും നടുക്കിരുത്തി നിരന്നുകിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ 14 കിലോമീറ്റര്‍ താണ്ടി പോലീസുകാരായ രതീഷും ഷിബുവും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുമ്പോള്‍ അവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ ആ യാത്ര കണ്ടവരുടെ പ്രാര്‍ത്ഥനയും മറ്റും തുണയായപ്പോള്‍ ശിവരാമന് അവരിലൂടെ കിട്ടയത് പുതു ജീവിതമാണ്.

തൃശൂര്‍ കുതിരാന്‍ റോഡില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞതു മൂലം കിലോമീറ്ററുകളോളം നീണ്ട ഗതാഗത കുരുക്കിലൂടെയാണ് തൃശൂര്‍ ട്രാഫിക് സ്‌റ്റേഷനിലെ സിപിഒ എ. രതീഷ് ശവരാമനേയും വഹിച്ച് ബൈക്ക് ഓടിച്ചത്. ശവരാമനെ താഴെ വീഴാതിരിക്കാന്‍ ബൈക്കിന്റെ പിന്‍സീറ്റിലിരുന്നു വട്ടം ചുറ്റിപ്പിടിച്ചുകൊണ്ട് തൃശൂര്‍ ട്രാഫിക് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ കെ.പി. ഷിബുവും ആ ദൗത്യത്തില്‍ പങ്കാളിയായി.

രാവിലെ കടുത്ത ശ്വാസംമുട്ടലുമായാണ് പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയില്‍ താമസിക്കുന്ന ഏറാട്ട് ശിവരാമന്‍ (62) തന്റെ മകള്‍ ശ്രീജയ്ക്കും പേരക്കുട്ടിയ്ക്കുമൊപ്പം വീടിനടുത്തുള്ള ആരിയങ്കടവ് സലിമിന്റെ ഓട്ടോയില്‍ കയറിയത്. പക്ഷേ ഓട്ടോ വടക്കഞ്ചേരിയിലെത്തുമ്പോഴേക്കും ശവരാമന്‍ തളര്‍ന്ന് ശരീരം വിയര്‍ത്തു തുടങ്ങി. ഓട്ടോ നല്ല വേഗതയില്‍ തന്നെ കുതിരാന്‍ ഇരുമ്പു പാലത്തിനടുത്തെത്തിയപ്പോഴാണ് വാഹനം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയത്. പട്ടിക്കാട്ട് തലേ ദിവസം രാത്രിയില്‍ ടാങ്കര്‍ മറിഞ്ഞതിനെതുടര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഓട്ടോയ്ക്ക് പിന്നിലും വാഹനങ്ങള്‍ വന്നു നിറഞ്ഞതോടെ കുരുക്കില്‍ എന്തുചെയ്യണമെന്നറിയാതെ സലീമും ശ്രീജയും കുഞ്ഞും നിലവിളിച്ചു.

ആശുപത്രിക്കേസാണെന്നു വിളിച്ചുപറഞ്ഞും വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തും സലീം വാഹനം ഒരു തരത്തില്‍ പട്ടിക്കാട് വരെ എത്തിച്ചപ്പോഴേക്കും വീണ്ടും കുടുങ്ങി. അപ്പോഴാണ് അവിടെ ട്രാഫിക് നിയന്ത്രിച്ചിരുന്ന ഷിബുവിന്റെയും രതീഷിന്റെയും കണ്ണില്‍ സംഭവം പെടുന്നത്. ശ്വാസം ആഞ്ഞുവലിച്ചു കിടക്കുന്ന ശിവരാമനെ കണ്ടതോടെ എരതയും വേഗം അദ്ദേഹതെ് ആശുപത്രിയിലെത്തിക്കണമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.

ബൈക്കില്‍ വിട്ടാലോയെന്ന ഷിബുവിന്റെ ചോദ്യത്തിന് രതീഷ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഉത്തരം നല്‍കി. പിന്നെയൊരു പറക്കലായിരുന്നു. ശിവരാമനെ നടുവിലിരുത്തി പിന്നില്‍നിന്നു ഷിബു താങ്ങിപ്പിടിച്ച് വഴിയില്ലാത്തയിടത്തൊക്കെ നൂണ്ടുകയറി വഴിയുണ്ടാക്കി അവര്‍ മുന്നോട്ട് പോയി.ഡിസിആര്‍ബി എസിപി പി.എ. ശിവദാസിനേയും എസിപി ശിവ വിക്രമിനെയും അവര്‍ വഴിയില്‍ കണ്ടു. ഒന്നും ശ്രദ്ധിക്കേണ്ട, മുന്നോട്ടു പാഞ്ഞോളാനായിരുന്നു രണ്ടുപേരുടേയും നിര്‍ദ്ദേശം.

ട്രാഫിക് ബ്ലോക്ക് രൂക്ഷമായ പട്ടിക്കാട്- മണ്ണുത്തി വരെയുള്ള ഏഴു കിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് എത്തിയ ഈ ഇരുദൗത്യ സംഘം പക്ഷേ മണ്ണുത്തിയില്‍നിന്ന് ആശുപത്രി വരെയുള്ള ഏഴു കിലോമീറ്റര്‍ എത്തിയത് വെറും 10 മിനിട്ടുകൊണ്ടാണ്. ആശുപത്രിയില്‍ രോഗിയെ അത്യാഹിത വിഭാഗത്തിലും ഉടന്‍ ഐസിയുവിലേക്കും മാറ്റി പരിചരിക്കുകയായിരുന്നു. ”ഇതിലും നല്ലൊരു പുണ്യ പ്രവര്‍ത്തി ഇനിയില്ല. ഹൃദയാഘാതമായിരുന്നു, അല്‍പം വൈകിയിരുന്നെങ്കില്‍…” ഡോക്ടറുടെ വാക്കുകളാണ് തങ്ങള്‍ക്കു കിട്ടിയ ഏറ്റവും നല്ല പുരസ്‌കാരമെന്ന് ഷിബുവും രതീഷും പറയുന്നു.

ട്രാഫിക്ക് കുരുക്കില്‍ നിന്നും രക്ഷപ്പെട്ട് ശ്രീജയെയും കൊണ്ട് ഓട്ടോയ്ക്ക് ആശുപത്രിയിലെത്താന്‍ വീണ്ടും ഒരുമണിക്കൂര്‍ സമയമെടുത്തു. ഇന്ന് ശിവരാമന്‍ പുഞ്ചിരിക്കുയാണ്. ആ പുഞ്ചിരിയുടെ അവകാശികള്‍ ഷിബുവും രതീഷുമെന്ന കാക്കിധാരികളും.