വൃക്ക രോഗികളുടെ എണ്ണം കൂടുന്നു, ജീവിതത്തെ കരുതലോടെ മുന്നോട്ട് നയിക്കാം

single-img
12 March 2015

Kidneys-and-ureter-008മാര്‍ച്ച് 12 ലോക വൃക്കദിനം. 2006 മുതലാണ്, മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച വൃക്കദിനമായി ആചരിച്ചു തുടങ്ങിയത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നെഫ്രോളജി സൊസൈറ്റി, കിഡ്‌നി ഫൗണ്ടേഷന്‍ എന്നീ സംഘടനകളാണ് വൃക്കദിനം എന്ന ആശയവുമായി രംഗത്തെത്തിയത്. വൃക്ക രോഗികളുടെ എമഅമം അനുദിനം വര്‍ദ്ധിക്കുന്നു , ഈ ഘടകം തന്നെയാണ് വൃക്കദിനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

വൃക്കരോഗങ്ങളുടെ വ്യാപ്തിയും തീവ്രതയും വ്യക്തമാക്കുന്നതിനോടൊപ്പം, രോഗം എങ്ങനെ പ്രതിരോധിക്കാം, നിയന്ത്രിക്കാം എന്നീ കാര്യത്തില്‍ ജനങ്ങളില്‍ ബോധം വളര്‍ത്തുക, വൃക്കദാനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ആവശ്യമായ ഘട്ടങ്ങളില്‍ വൃക്ക മാറ്റിവയ്ക്കുന്നതിനായി സൗകര്യമൊരുക്കുക, വൃക്ക വ്യാപാരം നിരുത്സാഹപ്പെടുത്തുക തുടങ്ങിയവയും ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.

തെറ്റായ ജീവിതശൈലിയും ഭക്ഷണ രീതിയുമാണ് വൃക്ക രോഗങ്ങള്‍ക്ക് പലപ്പോഴും വഴിവയ്ക്കുന്നത്. തുടക്കത്തിലെ രോഗലക്ഷണമൊന്നും പ്രകടമാക്കാതെ, നിശബ്ദനായ കൊലയാളിയായാണ് രോഗം രൂപന്തരം പ്രാപിക്കാറുള്ളത്.പ്രമേഹം, അമിത രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ പിന്തുടര്‍ച്ചയായാണ് വൃക്കരോഗങ്ങള്‍ പലപ്പോഴും പിടിപെടുന്നത്. ഭക്ഷണ ക്രമീകരണങ്ങളിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യം സൂക്ഷിക്കാനായാല്‍ വൃക്കരോഗം പിടിപെടുന്നതില്‍ നിന്നും ഒരു പരിധി വരെയെങ്കിലും രക്ഷ നേടാം. മൂത്രം തടഞ്ഞു വയ്ക്കാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക, നല്ല ഭക്ഷണക്രമം പുലര്‍ത്തുക തുടങ്ങിയ നല്ല ശീലങ്ങളിലൂടെ നമ്മുടെ വൃക്കയെ സംരക്ഷിച്ചു നിര്‍ത്താനാകും. ഒപ്പം മദ്യപാനവും പുകവലിയും ഒഴിവാക്കുക എന്ന സുപ്രധാന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്.