ഇന്ത്യ-കുവൈത്ത് ഒപ്പുവെച്ച് തടവുകാരുടെ കൈമാറ്റകരാറിന് കുവൈത്ത് പാര്‍ലമെന്റിന്റെ അംഗീകാരം

single-img
7 March 2015

kuwait-parliamentകുവൈത്ത്സിറ്റി: ഇന്ത്യയും കുവൈത്തും ഒപ്പുവെച്ച തടവുകാരുടെ കൈമാറ്റ കരാറിന് കുവൈത്ത് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. 2013ലെ ഇന്ത്യ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അസ്സബാഹിന്‍െറ ഒപ്പുവെച്ച കരാറിനാണ് കുവൈത്ത് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത്. ഒരു മാസത്തിനകം നടപ്പില്‍വരുന്ന കരാര്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് നേരത്തേ അംഗീകാരം നല്‍കിയിരുന്നു.  വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്കാണ് കരാറിന്‍െറ ആനുകുല്യം ലഭിക്കുക. എന്നാല്‍, ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്ന കൊലപാതക, മയക്കുമരുന്ന് കേസുകളില്‍ ഈ ആനുകൂല്യം ലഭിക്കില്ല.

കുവൈത്തില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ കരാര്‍ പ്രകാരം ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇന്ത്യയിലെ ജയിലില്‍ പൂര്‍ത്തിയാക്കാം. 290 ഇന്ത്യക്കാര്‍ കുവൈത്തില്‍ തടവില്‍ കഴിയുന്നുണ്ടെന്ന് അടുത്തിടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക്സഭയില്‍ അറിയിച്ചിരുന്നു. കൈമാറ്റം തീരുമാനിക്കുമ്പോള്‍ തടവുകാരുടെ താല്‍പര്യം കൂടി പരിഗണിക്കും. ഇവരില്‍ എല്ലാവര്‍ക്കും ഇതിന്‍െറ ആനുകൂല്യം ലഭിക്കില്ല.

ശിക്ഷിക്കപ്പെട്ട രാജ്യത്തുതന്നെ തടവില്‍ തുടരുകയാണെങ്കില്‍ ലഭിച്ചേക്കാവുന്ന ആനുകൂല്യങ്ങള്‍ സ്വദേശത്തെ തടവുകാലത്തിനിടെ തടവുകാര്‍ക്ക് ലഭിക്കും. കുവൈത്ത് ജയിലില്‍നിന്ന് ഇന്ത്യയിലെ ജയിലിലേക്ക് മാറ്റപ്പെടുന്ന തടവുകാര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് അമീരി കാരുണ്യത്തിന്‍െറ ഭാഗമായുള്ള മാപ്പിനും ശിക്ഷ ഇളവിനുമൊക്കെ അര്‍ഹരായിരിക്കുമെന്ന് ചുരുക്കം.

ഏറക്കാലമായി ഇരുരാജ്യങ്ങളുടെയും പരിഗണനയിലുള്ള വിഷയമായിരുന്നു തടവുപുള്ളികളുടെ കൈമാറ്റം. ഒട്ടേറെ ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ തടവ് അനുഭവിക്കുന്നതിനാല്‍തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.