പിറന്നുവീണ് വെറും ആറ് ദിവസം അവള്‍ ഈ ലോകത്തെ അറിഞ്ഞു; ആറാം നാള്‍ തന്റെ കുഞ്ഞ് അവയവങ്ങളിലൂടെ രണ്ടുപേര്‍ക്ക് ജീവിതം സമ്മാനിച്ചുകൊണ്ട് അവള്‍ ഈ ലോകം വിട്ടുപോയി

single-img
21 January 2015

kID Handലണ്ടനിലെ ഹാമര്‍സ്മിത്ത് ആശുപത്രിയിലാണ് ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ ഈ സംഭവം. ജനിച്ച് ആറുദിവസം മാത്രം ഈ ഭൂമിയില്‍ ജീവിച്ചിരുന്ന പെണ്‍കുഞ്ഞ് രണ്ടുപേര്‍ക്ക് ജീവിതം നല്‍കി അനശ്വരതയിലേക്ക് ഊളിയിട്ടു. ഇനിയും പേരിട്ടിട്ടില്ലാത്ത പെണ്‍കുഞ്ഞ് തന്റെ വൃക്കയും കരളിലെ കോശങ്ങളും ദാനംചെയ്ത് ബ്രിട്ടനിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവ് എന്ന ആദരവോടെയാണ് അവള്‍ യാത്രയായത്.

പിറന്നുവീഴുമ്പോള്‍ അവള്‍ക്കു മൂന്നുകിലോ തൂക്കം ഉണ്ടായിരുന്നു. പക്ഷേ ഗര്‍ഭാവസ്ഥയില്‍ തലച്ചോറില്‍ വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ അവളുടെ ആരോഗ്യം അത്യധികം അപകടാവസ്ഥയിലായിരുന്നു. ആറാം നാള്‍ സ്ഥിതി നിയന്ത്രണാതീതമെന്ന് മനസ്സിലാക്കിയതോടെ ആ കുഞ്ഞുശരീരത്തില്‍നിന്നും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ നിറകണ്ണുകളോടെ സമ്മതം നല്‍കുകയായിരുന്നു.

പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന അവളുടെ വൃക്ക മറ്റൊരാളിന്റെ ഭാഗമായി. പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍നിന്ന് അവയവം നീക്കുന്നതും അവ മറ്റൊരാളില്‍ തുന്നിച്ചേര്‍ക്കുന്നതും ദുഷ്‌കരമാണെങ്കിലും ശിശുക്കളുടെ അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ ഈ മഹാ സംഭവം ഞങ്ങള്‍ക്കു പ്രേരണ നല്‍കുന്നതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ഗൗരവ് അത്രേജ സൂചിപ്പിച്ചു.