ഇനി 800 രൂപയ്ക്ക് ആതിരപ്പള്ളി, വാഴച്ചാല്‍, മലക്കപ്പാറയിലേക്ക് എ.സി. ബസില്‍ ഉച്ചഭക്ഷണവും ചായയുമുള്‍പ്പെടെ വിനോദ യാത്ര പോകാം

single-img
29 December 2014

atirapallyചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളി മേഖലയിലേക്ക് വെറും 800 രൂപയ്ക്ക് സര്‍ക്കാരിന്റെ ടൂര്‍ പാക്കേജ്. 26 പേര്‍ക്കു യാത്രചെയ്യാവുന്ന എ.സി മിനി ബസില്‍ രാവിലെ എട്ടിനു ചാലക്കുടിയില്‍നിന്നു യാത്ര ആരംഭിച്ച് രാത്രി ഒന്‍പതിനു മടങ്ങിയെത്താവുന്ന രീതിയിലാണു യാത്ര ക്രമീകരിച്ചിരിക്കുന്നത്.

സീറ്റൊന്നിന് ഉച്ചഭക്ഷണവും ചായയും അടക്കമാണ് 800 രൂപഈടാക്കുന്നത്. യാത്രയ്ക്ക് താത്പര്യമുള്ളവര്‍ തുമ്പൂര്‍മുഴിയിലെ ടൂറിസം ഡെസ്റ്റിനേഷന്‍ സെന്ററില്‍ 0480 2769888 എന്ന നമ്പരില്‍ വിളിച്ചോ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ജില്ലാ ഓഫിസില്‍ 0487 – 2320800 എന്ന നമ്പരില്‍ വിളിച്ചോ ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

15 ലക്ഷം രൂപയാണു ടൂര്‍ പാക്കേജിന്റെ ഭാഗമായുള്ള എസി മിനി ബസ് എത്തിക്കാന്‍ സര്‍ക്കാരിന് ചെലവ് വന്നത്. അടുത്ത മാസം മുതല്‍ ജില്ലയിലെ എല്ലാ ഡിടിപിസി ഓഫിസുകളിലും ബുക്കിങ് സൗകര്യമുണ്ടായിരിക്കുമെന്നും സംഘങ്ങള്‍ക്ക് ബസ് മുഴുവനായും ബുക്ക് ചെയ്യാനാകുമെന്നും അധികൃതര്‍ പറഞ്ഞു. പ്രസ്തുത പാക്കേജിലൂടെ തുമ്പൂര്‍മുഴി, അതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, മലക്കപ്പാറ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ യാത്രികര്‍ക്കു സന്ദര്‍ശിക്കാനാകും.

മലക്കപ്പാറയിലെ ആദിവാസി സൊസൈറ്റിയുമായി സഹകരിച്ചു താമസവും മറ്റു സൗകര്യങ്ങളും ഒരുക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ബുക്ക് ചെയ്യുന്നവര്‍ക്കു മുന്‍ഗണനാ ക്രമത്തിലാണ് ബസ് അനുവദിക്കുന്നത്. മാത്രമല്ല ഗൈഡിന്റെ സേവനവുമുണ്ടാകും. തുമ്പൂര്‍മുഴി ഡെസ്റ്റിനേഷന്‍ സെന്ററിന്റെ സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷണ സൗകര്യമൊരുക്കുമെന്നും അവര്‍ അറിയിച്ചു.

പാക്കേജ് വിജയകരമായി നടപ്പാക്കാനായാല്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കുകയും പദ്ധതി വിപുലീകരിക്കുകയും ചെയ്യും. അടുത്ത ഘട്ടത്തില്‍ മയിലാടുംപാറയിലേക്കു സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ടെന്നു ബി.ഡി. ദേവസി എംഎല്‍എ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എക്‌സി. ഓഫിസര്‍ മനേഷ് സെബാസ്റ്റിയന്‍ എന്നിവര്‍ അറിയിച്ചു.