പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം; കേരളത്തിന് മുംബൈ ഹോംഗ്രൗണ്ട്: കൂട്ടിന് മുംബൈ മലയാളികളും

single-img
20 December 2014

Blastersഗ്രൗണ്ട് സപ്പോര്‍ട്ടിന്റെ കാര്യം നോക്കുകയാണെങ്കില്‍ ഒരുപക്ഷേ കൊച്ചി പോലെയായിരിക്കും കേരളത്തിന് മുംബൈയിലെ ഡി.വൈ. പാട്ടീല്‍ മൈതാനം. കേരള ടീമിന്റെ ഉടമയായ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ നാട്ടില്‍ ഐ.എസ്. എല്ലിലെ കലാശക്കൊട്ടില്‍ ഇന്ന് കേരള ബഌസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ കൊല്‍ക്കത്തയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആരാധകര്‍ കേരളത്തിനു വേണ്ടി ജയ് വിളിക്കാന്‍ കൂടെക്കൂടുമെന്നുള്ളതില്‍ തര്‍ക്കമൊന്നും വേണ്ട.

അല്ലെങ്കിലും പഴയ ബോംബെ കേരള ഫുട്‌ബോള്‍ ടീമിന് അത്ര അന്യസ്ഥലമൊന്നുമല്ല. ‘ഐ’ ലീഗിലും റോവേഴ്‌സ് കപ്പിലുമൊക്കെ കേരളത്തില്‍നിന്ന് ടീമെത്തുമ്പോള്‍ ആരാധകരെ കൊണ്ട് കൂപ്പറേജിലെ ഗാലറികള്‍ നിറയുമായിരുന്നു. 1991-92ല്‍ കൂപ്പറേജില്‍ കേരളം സന്തോഷ് ട്രോഫി നേടുന്നത് ഗാലറിയുടെ നിറഞ്ഞ പിന്തുണയോടെയാണ് ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്. അതിനുശേഷം നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ മറ്റൊരു സ്വന്തം ടീം മുംബൈയില്‍ വീണ്ടുമൊരു ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

ഐ.എം. വിജയന്റെയും ജോപോള്‍ അഞ്ചേരിയുടേയും കളി കാണാന്‍ കൂട്ടമായെത്തിയ ആരാധകര്‍ ഇന്നും കേരള ടീമിനെ പിന്തുണയ്ക്കാന്‍ എത്തും എന്നു തന്നെയാണ് പ്രതീക്ഷ. 55000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്‌റ്റേഡിയത്തില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയി കഴിഞ്ഞിരിക്കുന്നു. അതുതന്നെയാണ് ഫുട്‌ബോളിനെ മുംബൈ എത്രത്തോളം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവും.

ദേശിയ ഫുട്‌ബോള്‍ ചരിത്രം ചരിത്രം പരിശോധിക്കുമ്പോള്‍ കേരളത്തിനിത് പകരം വീട്ടലിനുളള സമയം കൂടിയാണ്. സന്തോഷ് ട്രോഫി ഫൈനലില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ബംഗാളിന് മുന്നില്‍ മകരളത്തിന് പരാജയമായിരുന്നു ഫലം. 1988ലെയും 94ലെയും സന്തോഷ് ട്രോഫി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം ബംഗാളിന് മുന്നില്‍ അടിയറവ് പറഞ്ഞത്.