പ്രായത്തില്‍ ശിശുവാണെങ്കിലും ആരാധകരുടെ എണ്ണത്തില്‍ യൂറോപ്പിന് വെളിയിലുള്ള ക്ലബ്ബുകളില്‍ രണ്ടാം സ്ഥാനം കേരള ബ്ലാസ്‌റ്റേഴ്‌സിന്; ലോകം മുഴുവന്‍ ആരാധകരുള്ള ലിവര്‍പൂള്‍ ബ്ലാസ്‌റ്റേഴ്‌സിനു പിന്നില്‍

single-img
16 December 2014

Kerala Blastersപ്രായത്തില്‍ ശിശുവാണെങ്കിലും ഒരേയൊരു സീസണ്‍ കഴിഞ്ഞപ്പോള്‍ തന്നെ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ലോകത്തിന്റെ നെറുകയില്‍ സ്ഥാനം നേടിയിരിക്കുന്നു. സച്ചിന്റെയും മലയാളികളുടെയും സ്വന്തം ക്ലബ്ബിന്റെ സ്ഥാനം ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളുടെ പട്ടികയിലാണ്.

യൂറോപ്പിന് വെളിയില്‍, ഫുട്‌ബോളിന്റെ ഈറ്റില്ലമായ ലാറ്റിനമേരിക്ക ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഹോം ഗ്രൗണ്ടില്‍ കളി കാണാനെത്തിയ ആരാധകരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. അര്‍ജന്റീനയില്‍ നിന്നുള്ള റിവര്‍ ക്ലബ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലുള്ളത്.

54000 പേര്‍ വീതം എത്തിയാണ് ബ്യൂണസ് അയേഴ്‌സില്‍ നിന്നുള്ള റിവര്‍ ക്ലബ് ഈ സീസണിലെ ഒന്നാം സ്ഥാനക്കാരായത്. കൊച്ചിയില്‍ നടന്ന ഓരോ മത്സരത്തിലും ശരാശരി 49111 പേരാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി നേരിട്ടെത്തിയത്. യൂറോപ്പിന് വെളിയില്‍ ഏറ്റവും ആരാധകരുള്ള ക്ലബ്ബായി ബ്ലാസ്‌റ്റേഴ്‌സിന് മാറാന്‍
ഒരു കളിയില്‍ ശരാശരി 6000 പേര്‍ കൂടി സ്‌റ്റേഡിയത്തില്‍ എത്തിയാല്‍ മതിയായിരുന്നു.

ഫുട്‌ബോള്‍ ജീവവായുവായ ബ്രസീല്‍, അര്‍ജന്റീന, യുഎസ്.എ, മെക്‌സിക്കോ, ചൈന, ജപ്പാന്‍, ഇറാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങലില്‍ നിന്നുള്ള പ്രമുഖ ക്ലബ്ബുകളെല്ലാം ഒറ്റ സീസണില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍ വീണുകഴിഞ്ഞിരിക്കുകയാണ്. മറഡോണയിലൂടെ ലോക പ്രസിദ്ധമായ അര്‍ജന്റീനന്‍ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സ്, ബ്രസീലിലെ സാവോ പോളോ ക്ലബ് എന്നിവയൊക്കെ ബ്ലാസ്‌റ്റേഴ്‌സിന്‌വളരെ പിന്നിലാണ്.

യൂറോപ്പ് ഉള്‍പ്പെടുത്തി ലോകത്തെ മൊത്തം ക്ലബ്ബുകളുടെ കണക്കെടുത്താലും ബ്ലാസ്‌റ്റേഴ്‌സിന്റെ നില ഒട്ടും മോശമല്ല. 50395 എന്ന കണക്കില്‍ നില്‍ക്കുന്ന ന്യൂ കാസില്‍ യുണൈറ്റഡിന് തൊട്ടു താഴെയായി 14മതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം. ലോകം മുഴുവന്‍ ആരാധകരുള്ള ലിവര്‍പൂള്‍ ഇക്കാര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് പിന്നിലാണ്.