ഫിലിപ്പിനോ യുവതിയുടെ മരണത്തിന് കാരണമായ സിംഹത്തിന്റെ ശവം മരുഭൂമിയില്‍ നിന്നും കണ്ടെത്തി

single-img
15 December 2014

DESERT_LIONകുവൈത്ത്‌ സിറ്റി:ഫിലിപ്പിനോ യുവതിയുടെ മരണത്തിന് കാരണമായ സിംഹത്തിന്റെ ശവം മരുഭൂമിയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം ഫിലിപ്പീന്‍ സ്വദേശിനിയുടെ മരണത്തിനു കാരണമായ രണ്ട് സിംഹങ്ങളുടെ അസ്ഥികൂടം കത്തി കരിഞ്ഞ നിലയില്‍ മരുഭൂമിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.തെളിവ്‌ നശിപ്പിക്കുന്നതിന്റെ ഭാഗമായാണു വീട്ടില്‍ അനധികൃതമായി വളര്‍ത്തിയ സിംഹങ്ങളെ കൊലപ്പെടുത്തിയ ശേഷം കബദ്‌ പ്രദേശത്തെ മരുഭൂമിയില്‍ വെച്ച് കത്തിച്ചു കളഞ്ഞതെന്ന് ഉടമ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. സിംഹങ്ങളില്‍ ഒന്ന് പൂര്‍ണ്ണ ഗർഭിണിയായിരുന്നു.

രണ്ടു ദിവസം മുമ്പാണു സംഭവം നടക്കുന്നത്. വളര്‍ത്തു നായയുടെ കടിയേറ്റു പരിക്ക് പറ്റിയെന്നാണ് ഉടമ ആശുപത്രി അധികൃതരോട്‌ പറഞ്ഞിരുന്നത്.എന്നാല്‍ ഫോറന്‍സിക്‌ പരിശോധനയില്‍ സിംഹത്തിന്റെ കടിയേറ്റതിനെ തുടര്‍ന്നാണു മരണത്തിനു കാരണമായത്‌ എന്നു തെളിയുകയായിരുന്നു.ഇതേ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തേയും സഹോദരനേയും ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വന്നത്‌.

അതിനിടെ കടിയേറ്റു ആശുപത്രിയിൽ എത്തിയ യുവതിക്ക്‌ മതിയായ ചികില്‍സ നല്‍കാതെ വീട്ടിലേക്ക്‌ തിരിച്ചയച്ച ആശുപത്രി ജീവനക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി ഉത്തരവിട്ടു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിയ യുവതിക്ക്‌ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയക്കുകയായിരുന്നു. പിന്നീട്‌ കടിയേറ്റ ഭാഗത്ത്‌ നിന്ന് അമിതമായ രക്തസ്രാവത്തെ തുടർന്ന് രണ്ടു ദിവസത്തിന് ശേഷം യുവതി മരണത്തിനു കീഴടങ്ങുകയായിരുന്നു .