പൂവാലന്‍മാരെ തല്ലി രാജ്യശ്രദ്ധയാകര്‍ഷിച്ച ആരതിയുടെയും പൂജയുടെയും പ്രതികരണം ഇതാദ്യമല്ല; തങ്ങളെ അശ്ലീല കമന്റ് പറഞ്ഞ യുവാവിനെ പെണ്‍കുട്ടികള്‍ തല്ലുന്ന വീഡിയോ പുറത്തായി

single-img
3 December 2014

aRATHബസില്‍ വച്ച് തങ്ങളെ ശല്യം ചെയ്ത യുവാക്കളെ പരസ്യമായി തല്ലി ഹരിയാന സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പാരിതോഷികമായ31000 രൂപയ്ക്ക് അര്‍ഹരായ റോട്ടക് സഹോദരിമാരായ ആരതിയുടെയും പൂജയുടെയും കൈച്ചൂട് അറിഞ്ഞവര്‍ മുമ്പും ഉണ്ട്. കഴിഞ്ഞദിവസത്തെ സംഭവം വാര്‍ത്തയായതോടെ ഇവര്‍ നേരത്തെ തങ്ങളെ ശല്യം ചെയ്തവരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതിന്റെ പുതിയ വീഡിയോ കൂടി പുറത്തായിരിക്കുകയാണ്.

റോട്ടക്കിലെ ഹൂഡ പാര്‍ക്കിനു സമീപത്തു വച്ച് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാവിനെ ഇവര്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. അശ്ലീലകരമായ കമന്റുകളുമായി ആരെങ്കിലും അടുത്തുവരുമ്പോള്‍ തങ്ങള്‍ അതു സഹിക്കേണ്ട ആവശ്യം ഇല്ലെന്നും അതിനാല്‍ തന്നെ ഉടനടി പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. അതിനിടെ പെണ്‍കുട്ടികള്‍ അഞ്ചുമാസങ്ങള്‍ക്കു മുമ്പായി സിസാന ഗ്രാമത്തിലെ ചില യുവാക്കള്‍ക്കെതിരായി നല്‍കിയിരിക്കുന്ന പരാതിയും പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.

ബസില്‍ വച്ച് തങ്ങളെ ശല്യപ്പെടുത്തിയ കുല്‍ദീപ് സിംഗിനെയും ദീപക് ഹൂഡയെയും മോഹിത്തിനെയും പെണ്‍കുട്ടികള്‍ ബെല്‍റ്റുകൊണ്ടു മര്‍ദ്ദിച്ച വീഡിയോ വൈറല്‍ ആയതോടെ പ്രതികള്‍ മൂവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ ആറുവരെ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സൈന്യത്തില്‍ ചേരുന്നതിനായി പ്രാഥമിക പരീക്ഷ പാസായവരായിരുന്നു ദീപകും കുല്‍ദീപും. വീഡിയോ പുറത്തുവന്നതോടെ പെണ്‍കുട്ടികളെ അഭിനന്ദിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമാംഗലം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തുവന്നിരുന്നു.