മദ്യപാനികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും ചികിത്സയുമായി സംഘടന വരുന്നു; കേരള രക്ഷാകവചം

single-img
18 November 2014

kerala-beverages-corporationപ്രമുഖ ട്രേഡ് യൂണിയന്‍ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ മദ്യപരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി സംസ്ഥാനതലത്തില്‍ സംഘടന രൂപംകൊള്ളുന്നു. കേരള രക്ഷാകവചമെന്നു പേരിട്ടിരിക്കുന്ന സംഘടന മദ്യപര്‍ക്കു സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക, ചികിത്സാ സഹായം നല്‍കുക, മദ്യപരുടെ മക്കള്‍ക്കു സൗജന്യ വിദ്യാഭ്യാസവും വിവാഹ ധനസഹായവും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആരംഭിച്ചിരിക്കുന്നത്. പ്രസ്തുത സംഘടനയുടെ റജിസ്‌ട്രേഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

മദ്യപര്‍ക്കായൊരു സംഘടന എന്ന മുദ്രാവാക്യത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന കേരള രക്ഷാകവചം കുടിയന്മാരെ ചൂഷണത്തില്‍നിന്നു മോചിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാകും പ്രവര്‍ത്തിക്കുക. മദ്യം പണം കൊടുത്തു വാങ്ങുന്നവരെ കുടിയന്മാര്‍ എന്നു വിളിക്കരുതെന്നും ഉപഭോക്താവ് എന്ന പരിഗണന നല്‍കണമെന്നും സംഘടന ആവശ്യപ്പെടുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കുടിയന്മാര്‍ക്കു സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും മദ്യപാനം മൂലം മാരക രോഗങ്ങള്‍ക്ക് അടിമയായവര്‍ക്കുള്ള ചികിത്സ പൂര്‍ണമായും സൗജന്യമാക്കണമെന്നുമാണു പ്രധാന ആവശ്യം.മദ്യപര്‍ക്കായി ക്ഷേമനിധി ആരംഭിക്കണം. മദ്യപരെ നീചരും മോശക്കാരുമായി കാണുന്നതിനു പകരം അവര്‍ക്കു സമൂഹത്തിലൊരു സ്ഥാനമുണ്ടാക്കുകയും ഘട്ടംഘട്ടമായി മദ്യത്തില്‍നിന്നു മോചിപ്പിക്കാനും കേരള രക്ഷാകവചം ശ്രമം തുടങ്ങുമെന്നും അവര്‍ അറിയിച്ചു.