അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഇന്ത്യ റോഡ് നിര്‍മ്മിച്ചിരിക്കും; ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ചൈന മുന്നറിയിപ്പ് നല്‌കേണ്‌ടെന്ന് രാജ്‌നാഥ് സിംഗ്

single-img
17 October 2014

rajnath_singh_26

ഇന്ത്യയുടെ അരുണാചല്‍പ്രദേശ് അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിനെതിരേ ചൈനയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. റോഡു നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ആരും മുന്നറിയിപ്പ് നല്‌കേണ്ട ആവശ്യമില്ലെന്നും അതിര്‍ത്തിയില്‍ ഇന്ത്യ റോഡ് നിര്‍മ്മിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ശക്തമായ ഒരു രാജ്യമാണെന്നും അക്കാര്യം മറക്കരുതെന്നും അദ്ദേഹം ചൈനീസ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇരു രാജ്യവും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശിലെ മാമഹോന്‍ ലൈനിനോട് ചേര്‍ന്ന് 1,800 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ ഇന്ത്യ തീരുമാനിച്ചതിനെതിരേയാണ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതിനു മുമ്പ് ഇന്ത്യ ഇത്തരത്തിലൊരു നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹോംഗ് ലേ രംഗത്ത് വന്നത്.

അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ഇപ്പോഴുള്ള ഇന്ത്യയുടെ തീരുമാനം പ്രശ്‌നങ്ങള്‍ വഷളാക്കുന്നതിന് മാത്രമേ സഹായകമാകുയെന്നും ചൈന പറഞ്ഞിരുന്നു.