മറക്കാന മറക്കാറായിട്ടില്ല

single-img
11 July 2014

Marakkana 2

പി.എസ്. രതീഷ്

അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറക്കാനയില്‍ സംഭവിച്ച ദുരന്തത്തെ ഈ ലോകകപ്പ് നേട്ടംകൊണ്ട് കഴുകിക്കളയാനുള്ള ബ്രസീലിന്റെ കാത്തിരിപ്പ് അവസാനിച്ചു. ജര്‍മ്മനിയോടേറ്റ 7-1 ന്റെ കനത്ത പരാജയത്തോടെ ബ്രസീല്‍ മൂന്നാം സ്ഥാനത്തിനു വേണ്ടി കാത്തിരിക്കുമ്പോള്‍ സെമിയിലെ ഈ പരാജയവും ഒരു ദുരന്തമായി കരുതുന്നവരാണധികവും. എന്നാല്‍ അന്നത്തെ മറക്കാനയ്ക്കു തുല്യം ആ മറക്കാന മാത്രമാണെന്ന തിരിച്ചറിവ് അന്നത്തെ യുവത്വവും ഇന്നത്തെ വൃദ്ധരുമായ ബ്രസീലിയന്‍ പൗരന്‍മാര്‍ക്കുണ്ട്. ആ ഒരു തിരിച്ചറിവിനുള്ള കാരണങ്ങളും പലതാണ്.

2014 ജൂലൈ 8ന് ബ്രസീല്‍ ജര്‍മ്മനിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ജര്‍മ്മനിയുടേത് ഒരു ഏകപക്ഷീയമായ വിജയമായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഒന്നു പൊരുതുവാന്‍ പോലുമാകാതെ ഗോളുകള്‍ വാങ്ങിക്കൂട്ടി തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പക്ഷേ 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ത്രില്ലര്‍ സിനിമയെ അനുസ്മരിക്കുന്ന വിധത്തില്‍ ഫൈനലില്‍ ബ്രസീലിന്റെ ആധിപത്യവും തുടര്‍ന്നു നടന്ന യുറുഗ്വേയുടെ മുന്നേറ്റവും ഒടുവില്‍ ദേശിയ ദുരന്തത്തിന് വഴിയൊരുക്കിയുള്ള ടീമിന്റെ പതനവും ഈ ഒരു ഏകപക്ഷീയ തോല്‍വിയില്‍ നിന്നും തികച്ചും വിഭിന്നമാണ്.

1950 ബ്രസീല്‍ ലോകകപ്പ്

രണ്ടാം ലോക മഹായുദ്ധാനന്തരം ഒരു വ്യാഴവട്ടത്തിനു ശേഷം ബ്രസീലിലേക്ക് ലോകകപ്പ് വിരുന്നെത്തിയത് ഒത്തിരി പുതുമകളുമായായിരുന്നു. ആകെ 13 ടീമുകള്‍.
ഫുട്‌ബോള്‍ ലോകത്ത് സ്ഥിരമായൊരിടമുള്ള അര്‍ജന്റീന ലോകപ്പില്‍ നിന്നും പിന്‍മാറിയെന്നുള്ളതായിരുന്നു ടൂര്‍ണ്ണമെന്റിനു മുമ്പുള്ള ഏറ്റവും വലിയ വാര്‍ത്ത. ‘കോപ്പാ മണ്ട്യാല്‍ ഡെ കാല്‍ച്ചിയോ’ എന്നറിയപ്പെട്ടിരുന്ന ലോകകപ്പിന്റെ പേര് ‘യൂള്‍റിമേകപ്പ്’ എന്ന് പുനര്‍നാമകരണം ചെയ്തശേഷമുള്ള ആദ്യ ലോകകപ്പ്. ബ്രസീലിനോട് ശത്രുതയാണെങ്കിലും 1930ല്‍ സ്വന്തം നാട്ടില്‍ വെച്ച് കിരീടം നേടിയശേഷം യുറുഗ്വായ് ചെറിയ പ്രതീക്ഷകളുമായി ബ്രസീലിലേക്ക് വന്നിരിക്കുകയാണ്.

പൂള്‍ ലീഗും തുടര്‍ന്നുള്ള ഫൈനല്‍ പൂള്‍ ലീഗുമായി മത്സരങ്ങള്‍ കൊടുമ്പിരികൊണ്ടപ്പോള്‍ ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്ന ടീമുകളിലൊന്നായ ഇംഗ്ലണ്ട് പൂള്‍ലീഗില്‍ സ്‌പെയിനിനേടേറ്റ 1-0 തോല്‍വിയോടെ ടൂര്‍ണ്ണമെന്റില്‍ പുറത്തായി. ഫൈനല്‍ പൂള്‍ലീഗിന്റെ ചിത്രം തെളിഞ്ഞപ്പോള്‍ ബ്രസീല്‍, യുറുഗ്വായ്, സ്‌പെയിന്‍, സ്വീഡന്‍ എന്നീ ടീമുകളായിരുന്നു അന്യോന്യം മത്സരിക്കേണ്ടിയിരുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് ലോകകപ്പ് സ്വന്തമാക്കാം.

ആതിഥേയരെന്ന മുന്‍തൂക്കവും തോല്‍വിയറിയാതെയുള്ള പയോട്ടവും ബ്രസീല്‍ ഫൈനല്‍ പൂള്‍ലീഗിലും ആവര്‍ത്തിച്ചു. ആദ്യ രണ്ടു മത്സരങ്ങളില്‍ ബ്രസീല്‍ നടത്തിയത് കൂട്ടക്കുരുതിയായിരുന്നു. 7-1 ന് സ്വീഡനേയും 6-1 ന് സ്‌പെയിനിനേയും അവര്‍ കശാപ്പു ചെയ്തു.

മറുഭാഗത്ത് യുറുഗ്വേയ് സ്വീഡനെയും സ്‌പെയിനിനേയും 2-2ന് സമനിലയില്‍ പിടിക്കുകയാണ് ചെയ്തത്. സ്വീഡനും സ്‌പെയിനും തമ്മിലുള്ള മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വീഡന്‍ ജയിച്ചു. അവസാന ഫൈനല്‍ പൂള്‍ ലീഗ് മത്സരമായ ബ്രസീല്‍- യുറുഗ്വേയ് കളിയില്‍ ജയിക്കുന്ന ടീമിന് കപ്പുയര്‍ത്താം എന്ന സ്ഥിതിവിശേഷം അങ്ങനെ സംജാതമായി.

1950 ജൂലായ്16 

ബ്രസീല്‍ ക്യാമ്പ്

ലോകകപ്പിലെ അതിഗംഭീര വിജയമാണ് മഞ്ഞപ്പട പ്രതീക്ഷിക്കുന്നത്. ഈ മത്സരത്തിന്റെ ഫലം ഒരു സമനില മാത്രം മതിയെന്നുള്ളത് ബ്രസീലിനെയൊന്നാകെ ഉത്സവലഹരിയിലാക്കിയിരിക്കുകയാണ്. ബ്രസീല്‍ വിജയിച്ചുവെന്ന ബോര്‍ഡുകളും പോസ്റ്ററുകളും റിയോയില്‍ മുഴുവന്‍ നിറഞ്ഞു കവിഞ്ഞു.

ലോകകപ്പി പുള്‍ ലീഗിലും ഫൈനല്‍പൂള്‍ ലീഗിലുമായി ബ്രസില്‍ അടിച്ചുകൂട്ടിയ ഗോളുകളുടെ എണ്ണം 46 ആയിരുന്നു. പലകളികളിലും ബ്രസീലിന്റെ തേരോട്ടമായിരുന്നു. അതില്‍ ഈ മത്സരത്തില്‍ എതിരാളിയായി വരുന്ന യുറുഗ്വേയെ 5-1 ന് തകര്‍ത്തതടക്കം.

കളിക്കുമുമ്പ് റിയോയിലെ ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തില്‍ ബ്രസീലിനെ ലോകജേതാക്കള്‍ എന്നാണ് അഭിസംബോധന ചെയ്തത്. ഇത് മാധ്യമപ്രവര്‍ത്തകരെ ഞെട്ടിപ്പിച്ചു. കളി തുടങ്ങാന്‍ പോകുന്നേയുള്ളുവെന്നിരിക്കേ സ്വന്തം ടീമിനെ േലാകചാമ്പ്യന്‍ എന്നു വളിച്ച ഗവര്‍ണറുടെ നടപടി വളരെയേറെ വിമര്‍ശനങ്ങളാണ് വിളിച്ചുവരുത്തിയത്.

എന്നിരുന്നാലും ലോകം മനസ്സാല്‍ വിധിയെഴുതിക്കഴിഞ്ഞിരുന്നു, ബ്രസീല്‍ ലോകചാമ്പ്യനാകുമെന്നുള്ള കാര്യം.

യുറുഗ്വേയ് ക്യാമ്പ്

ഫൈനലിന് തൊട്ടുമുമ്പ് യുറുഗ്വേയുടെ ഡ്രസിങ്ങ് റൂമിലെത്തിയ ഉറുഗ്വായ് അംബാസഡര്‍ താരങ്ങളോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു- ഏറ്റവും കുറഞ്ഞ മാര്‍ജിനില്‍ തോറ്റ് നാണക്കേട് ഒഴിവാക്കുക. കാരണം അദ്ദേഹത്തിനറിയാമായിരുന്നു ലോകം കാത്തിരിക്കുന്നതും ഈ മറാക്കാനാ സ്‌റ്റേഡിയം കാത്തിരിക്കുന്നതും ബ്രസീലിന്റെ വിജയത്തിന് വേണ്ടിയാണെന്ന്. അത്ഭുതങ്ങള്‍ സംഭവിക്കണം, അതിനെന്തെങ്കിലും മാറ്റം വരാന്‍. പക്ഷേ യുറുഗ്വേയുടെ കാര്യത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കില്ലെന്ന് ഒരു യുറുഗ്വേയ് കാരനായിട്ടുകൂടി അദ്ദേഹവും വിശ്വസിച്ചു. കോച്ച് യുവാന്‍ ലോപ്പസും അങ്ങനെതന്നെ വിധിച്ചു. ആക്രമണം വേണ്ട, പ്രതിരോധം മതിയെന്നും കൂട്ടിച്ചേര്‍ത്തു.

ഒബ്ദുലിയോ വരേല എന്ന ഒറ്റയാന്‍

1938 കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ഫ്രാന്‍സില്‍ നിന്നും ബ്രസീലിലേക്ക് എത്തുമ്പോള്‍ ആരും കരുതിയിരുന്നില്ല, യുറുഗ്വേയ് എന്ന ടീം ഫൈനലില്‍ ബ്രസീലിനോട് ഏറ്റുമുട്ടുമെന്ന്. പക്ഷേ ടൂര്‍ണ്ണമെന്റ് തുടങ്ങിയപ്പോള്‍ എതിരാളികള്‍ ആരായാലും ഫൈനലില്‍ ഒരു ടീം യുറുഗ്വേയ് ആയിരിക്കുമെന്ന് മനസ്സില്‍ കണ്ട ഒരാളുണ്ടായിരുന്നു. യുറുഗ്വേയ് ടീമിന്റെ ക്യാപ്റ്റന്‍ ഒബ്ദുലിയോ വരേല.

obdulio-varela

കളിക്കുമുമ്പ് ബലിയാകാന്‍ പോകുന്ന ഇരകളെപ്പോലെ ഡ്രസിങ്ങ് റൂമിലിരുന്ന യുറുഗ്വേയന്‍ കളിക്കാരെ പോരാളികളാക്കി മാറ്റിയ വ്യക്തി. പ്രതിരോധിച്ച് നിന്നാല്‍ മതിയെന്ന കോച്ച് യുവാന്‍ ലോപ്പസിന്റെ നിര്‍ദ്ദേശം പാടെ തള്ളിക്കൊണ്ട് വരേല അവരോട് പറഞ്ഞു: ”പുറത്തുള്ളവരെയാരെയും നോക്കേണ്ട. കളിക്കളത്തില്‍ കളിക്കുന്നത് നമ്മളാണ്. ആക്രമിക്കണം. പ്രതിരോധിച്ച് നിന്നാല്‍ ഒരു ദുരന്തമായിരിക്കും നമ്മെ തേടി വരുന്നത്.”

കളിയുടെയന്ന് രാവില പുറത്തിറങ്ങിയ ‘ഓ മുണ്ടോ’ എന്ന പത്രത്തില്‍ ബ്രസീലിനെ ലോക ചാമ്പ്യനെന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ബ്രസീല്‍ ലോകകപ്പ് നേടിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളടങ്ങിയ ആ പത്രത്തിന്റെ കോപ്പികള്‍ വരേല ഡ്രസിങ്ങ് റൂമിലേക്ക് വരുത്തിച്ചു. ഒരോകളിക്കാര്‍ക്കും ഓരോകോപ്പിവീതം കൊടുക്കുകയും ചെയ്തു. കളിക്കാരുടെ മനസ്സില്‍ വാശിയും പോരാട്ട വീര്യവും നിറച്ച് അവരെ ഉത്തേജിപ്പിക്കുകയായിരുന്നു മനഃശാസ്ത്രപരമായ ആ നീക്കത്തിലൂടെ വരേല ചെയ്തത്.

കളിക്കളത്തില്‍

യുറഗ്വേയ്ക്ക് പൊരുതേണ്ടിയിരുന്നത് പതിനൊന്ന് പേരോടായിരുന്നില്ല. സ്‌റ്റേഡിയത്തിനകത്ത് ആര്‍ത്തുവളിക്കുന്ന രണ്ടുലക്ഷത്തിപ്പതിനായിരം ബ്രസീലുകാരോടും കൂടിയായിരുന്നു. യുറുഗ്വേയുടെ ഭാഗത്തുനിന്നും ആര്‍പ്പുവിളിക്കാന്‍ വെറും ഇരുന്നൂറ്റിയമ്പതില്‍ താഴെ ആള്‍ക്കാര്‍ മാത്രമേ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നുള്ളു. അവരുടെ ശബ്ദം രണ്ടുലക്ഷത്തിലധികം ബ്രസീലിയന്‍ സ്വരങ്ങള്‍ക്കിടയില്‍ അലിഞ്ഞുചേര്‍ന്നുപോയിരുന്നു.

amaracanazo3

ബ്രസീല്‍ സ്വന്തം വെള്ളക്കുപ്പായത്തില്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍ യുറുഗ്വേയ് തങ്ങളുടെ നീലക്കുപ്പായത്തില്‍ കളിക്കളത്തില്‍ നിലയുറപ്പിച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെ ബ്രസീലിന്റെ ആക്രമണമായിരുന്നു ഏറെക്കുറേ ഒന്നാം പകുതിയില്‍. സീഡിസ്യോ- അഡമീര്‍ സഖയത്തിന്റെ തീപാറുന്ന മുന്നേറ്റത്തില്‍ പലപ്പോഴും യുറുഗ്വേയ് പതറിപ്പോയി. കളി പതുക്കെ പതുക്കെ ബ്രസീലിന്റെ വരുതിയിലേക്കായി തുടങ്ങിയിരുന്നു. ഇതിനിടയില്‍ ഒന്നാം പകുതി അവസാനിക്കുന്നതിന് ഏഴു മിനിറ്റ് മുമ്പാണ് യുറുഗ്വേയ്ക്ക് ഒരു പ്രത്യാക്രമണം നടത്താനുള്ള അവസരമെങ്കിലും ലഭിച്ചത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ സ്‌കോര്‍ 0-0.

രണ്ടാം പകുതിയില്‍ ബ്രസീല്‍ തങ്ങളുടെ തന്ത്രങ്ങളുടെ കെട്ടഴിക്കുകയായിരുന്നു. ഏറെ സമയം കഴയുംമുമ്പേ ഗ്യാലറി പ്രതീക്ഷിച്ച ആ നിമിഷം വന്നു. സീഡീസ്യോയുടെ ക്രോസില്‍ ഫ്രിച്ചയുടെ ഷോട്ട് തടയാന്‍ പ്രതിരോധനിരക്കാരന്‍ ആത്ബ്രാദേയ്ക്കും യുറുഗ്വേയ് ഗോളി മാസ്‌പോളിക്കുമായില്ല. ശേഷം മറക്കാന സ്‌റ്റേഡിയത്തിന് തീപിടിച്ച അവസ്ഥയായിരുന്നു. വിധി കാത്തിരുന്നവരെപ്പോലെ എണ്ണം പറഞ്ഞ യുറുഗ്വേയ് ആരാധകര്‍ തലകുനിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 1-0 തെളിഞ്ഞു.

തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ അലറിവിളിക്കുന്ന ബ്രസീലിയന്‍ ആരാധകര്‍ ആ സമയം ഒരു കാഴ്ച കണ്ടു. വലകുലുക്കിയ പന്തുമായി യുറുഗ്വേയ് ക്യാപ്റ്റന്‍ വരേല മുപ്പത് വാര അകലെ നില്‍ക്കുന്ന റഫറിക്ക് മുന്നിലേക്ക് ഓടിയടുക്കുന്നു. ഗോള്‍ ഓഫ് സൈഡാണ്, അനുവദിക്കണം. ഇതായിരുന്നു വരേലയുടെ ആവശ്യം. എന്നാല്‍ റഫറിക്കും കളിക്കാര്‍ക്കും കാണികള്‍ക്കും എന്തിന്, വരേലയ്ക്കും അറിയാമായിരുന്നു ആ ഗോള്‍ ഓഫ് സൈഡല്ലെന്ന്. ആര്‍ത്തുവളിച്ച ഗ്യാലറി ഒന്നമ്പരന്നു. എന്താണ് വരേലയുടെ നീക്കമെന്നറിയാതെ അവരുടെ ഒച്ച താണു.

യഥാര്‍ത്ഥത്തില്‍ അതൊരു ഉപായമായിരുന്നു. കളിക്കളത്തിലെ ബ്രസീലുകാരേക്കാള്‍ ശക്തരായിരുന്നു കളികാണാനുണ്ടായിരുന്ന രണ്ടുലക്ഷത്തിലധികം വരുന്ന ബ്രസീലുകാര്‍. അവരെ അടക്കുക. ഒന്നാമത്തെ ഗോളവീണതിന്റെ ആഘോഷത്തിമിര്‍പ്പില്‍ കളിതുടങ്ങിയാല്‍ യുറുഗ്വേയുടെ വല ഇനിയും കുലുങ്ങുമെന്ന് ആ ക്യാപ്റ്റനറിയാമായിരുന്നു. തന്ത്രം വിജയിച്ചു. ഗ്യാലറി നിശബ്ദമായി.

ഈ സമയം ഫിഫയുടെ പ്രസിഡന്റ് യൂള്‍റിമേ സറ്റേഡിയത്തിലെ ലോക്കര്‍ റൂമിലേക്ക് പോയി. വിജയിയായ ബ്രസീലിന് ലോകകപ്പ് സമ്മാനിക്കുമ്പോള്‍ അവരെ സ്തുതിച്ചുകൊണ്ടുള്ള കുറിപ്പ് മനഃപാഠമാക്കാന്‍. യൂള്‍റീമേ ലോക്കര്‍ റൂമില്‍ പ്രസംഗം കാണാപാഠം പഠിക്കുമ്പോള്‍ മറക്കാനയുടെ ചരിത്രം പതുക്കെ മാറുകയായിരുന്നു. 66 മത് മിനിറ്റില്‍ മറക്കാനയുടെ നെഞ്ച് തുളച്ച് യുറുഗ്വേയ് സ്‌ട്രൈക്കര്‍ ഷിയാഫിനോയുടെ കാലില്‍ നിന്നും ആ കാല്‍പ്പന്ത് പാഞ്ഞു, ഒരു തീയുണ്ട കണക്കേ ബ്രസീലിന്റെ വലയിലേക്ക്.

മറക്കാന ആരവങ്ങളില്‍ നിന്നും നശ്ബ്ദതയിലേക്ക് കൂടുമാറി. മരണഭീതിപോലെ നിശബ്ദത തളംകെട്ടിയ സ്‌റ്റേഡിയത്തില്‍ വരേല ഒരു യോദ്ധാവിനേപ്പോലെ ഓടിനടന്നു. അതിന്റെ അനന്തരഫലമായി 79 മിനിറ്റായപ്പോള്‍ മറക്കാനയിലെ ലോകം കീഴ്‌മേല്‍ മറഞ്ഞു. ‘മറക്കാനാസോ’ എന്ന ശൈലിക്കും, അനേകം പേരുടെ ആത്മഹത്യയ്ക്കും, ബ്രസീല്‍ വെള്ളയില്‍ നിന്നും മഞ്ഞക്കുപ്പായത്തിലേക്ക് കൂടുമാറുന്നതിനും കാണമായ ആ നിമിഷം വരേലയുടെ പാസില്‍ ആല്‍സിഡ്‌സ് ഘിഗിയ എന്ന യുറുഗ്വേയ് സ്‌ട്രൈക്കറുടെ വോളിയിലൂടെ സമാഗതമാകുകയായിരുന്നു. ലോകം ശ്വസം നിലച്ച് നിന്നു. പക്ഷേ സത്യം സത്യമായി തന്നെ അവശേഷിച്ചു: ബ്രസീല്‍ യുറുഗ്വേയോട് തോറ്റു, 2-1 ന്.

marakkana 1

ബ്രസീലിന് കിരീടം കൈമാറാന്‍ യൂള്‍റീമെ പ്രസംഗവും വായിച്ച് മനഃപാഠമാക്കി സ്‌റ്റേഡിയത്തിലേക്കെത്തിയപ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. ആര്‍പ്പുവിളികള്‍ കരച്ചിലും നിലവിളികളുമായി രൂപാന്തരപ്പെട്ടു. ദൈവം ഉറപ്പിച്ച കാര്യം ഒബ്ദൂലിയോ വരേലയെന്ന ജന്മം മാറ്റിയെഴുതിക്കഴിഞ്ഞു. മറക്കാനയെന്ന മഹാ സ്‌റ്റേഡിയം ഒരു സെമിത്തേരിക്കു തുല്യമായി മാറി.

ഫിഫ പ്രസിഡന്റ് യൂള്‍ റിമേ യുറുഗ്വേയ്ക്ക് അവരുടെ രണ്ടാം ലോകകിരീടം കൈമാറുന്ന വേളയില്‍ ബ്രസീലിനെ സ്തുതിക്കുന്ന ആ കുറിപ്പ് മടക്കി ഇടതുകയ്യില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. സമാപനാഘോഷത്തില്‍ പങ്കെടുക്കാമെന്നേറ്റ എല്ലാ ബ്രസീലിയന്‍ ജനപ്രതിനിധികളും ആ ചടങ്ങ് ബഹികരിച്ചു. ബ്രസീല്‍ 1950 ജൂലൈ 16 ന് മുമ്പും പിമ്പും എന്നു രണ്ടായി പറയാന്‍ പഠിച്ചു. തോല്‍വി അംഗീകരിക്കാനാകാതെ പലരും വിഷത്തിലും മദ്യത്തിലും അഭയം കണ്ടെത്തി. ഇതെല്ലാം ലോകം അമ്പരപ്പോടെ കാണുകയായിരുന്നു. ഫുട്‌ബോള്‍ മതമായ ഒരു നാട്ടില്‍ തോല്‍വി കൂട്ടമരണത്തിന് തുല്യമാണെന്ന് മനസ്സിലാക്കുകയായിരുന്നു.

Marakkana 3

സമാധാനത്തിന്റെ നിറം ബ്രസീലിന്റെ ഉടലുകളെ ചുട്ടുപൊള്ളിച്ചതിനാലാകണം തങ്ങളുടെ ഭാഗ്യനിറമായിരുന്ന വെള്ളക്കുപ്പായം ബ്രസീല്‍ ഉപേക്ഷിച്ചു. ശേഷം മഞ്ഞക്കുപ്പായത്തില്‍ അഞ്ചുകിരീടങ്ങള്‍ അവര്‍ ഉയര്‍ത്തി. പക്ഷേ മറക്കാനയ്ക്കു തുല്യം മറക്കാനമാത്രമെന്ന തിരിച്ചറിവായിരിക്കണം രണ്ടുലക്ഷം പേരിരുന്ന മറക്കാനയെ രൂപം മാറ്റി, പേരുമാറ്റി 64 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തയ്യാറായിരിക്കുന്നത്.

വീണ്ടും വരേല

ബ്രസീല്‍ എന്ന മഹാമേരുവിനെ അവരുടെ കളത്തില്‍ കീഴടക്കി യുറുഗ്വേയ് ലോകത്തിന് മുന്നില്‍ കപ്പും തലയുമുയര്‍ത്തി നിന്നപ്പോള്‍ യുറുഗ്വേയ് എന്ന രാജ്യത്തിന്റെ എല്ലാ സ്തുതികളും ഒബ്ദൂലിയോ വരേലയെന്ന മനുഷ്യനായിരുന്നു. ചങ്കുറപ്പിന്റെ പര്യായമായി കളത്തിലെ പതിനൊന്നുപേരോടും കളത്തിനു പുറത്തെ രണ്ടുലക്ഷത്തിലധികം ജനങ്ങളോടും ഒരുമിച്ച് പൊരുതി ലോകകിരീടം തിരിച്ചുപിടിച്ച അവരുടെ ദൈവത്തിന്.

കളി നടന്ന അന്നുരാത്രി വരേല ബ്രസീലുകാര്‍െക്കാപ്പമായിരുന്നു. താന്‍ ആരാണെന്ന് വെളിപ്പെടുത്താതെ ബ്രസീലുകാരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവരോടൊപ്പം കരഞ്ഞ് അയാള്‍ ആ രാത്രി മുഴുവന്‍ നടന്നു. കളിക്കുശേഷം പത്രക്കാര്‍ക്കുപോലും അയാള്‍ പിടികൊടുത്തില്ല. വരേല എന്താണെന്നും എന്തായിരുന്നുവെന്നും കൂടെയുള്ളവര്‍ക്കുപോലും അജ്ഞാതമായിരുന്നു.

യുറുഗ്വേയ്ക്കാര്‍ ഇന്നും വിശ്വസിക്കുന്നു, അവരുടെ ദൈവം വരേലയിലൂടെ അവതരിച്ചു, തങ്ങള്‍ക്ക് ലോകകപ്പ് സമ്മാനിച്ചു.

നാലുവര്‍ഷം കഴിഞ്ഞ് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫിഫ ലോകകപ്പ് ബ്രസീല്‍ ഉയര്‍ത്തിയാലും ഇല്ലെങ്കിലും ഓരോ ബ്രസീലുകാരന്റെയും മനസ്സില്‍ മറക്കാനയിലെ അന്നത്തെ ആ ദുരന്തം ഒരു മുറിവായി തന്നെ കിടക്കും. അതിനുമുന്നില്‍ ഈ സെമിഫൈനലില്‍ ജര്‍മ്മനിയോടേറ്റ ആ തോല്‍വി ഒന്നുമല്ല തന്നെ.