ഇതാണ് കെ.എസ്.ആര്‍.ടി.സി ; 15 ലിറ്റര്‍ ഓയിലിനുവേണ്ടി കെഎസ്ആര്‍ടിസി ബസ് യാത്രക്കാരില്ലാതെ 50 കിലോമീറ്റര്‍ ഓടി

single-img
3 July 2014

ksrtcലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ സെന്ററിന് അനുമതിയില്ലാത്തതിന്റെ പേരില്‍ 15 ലിറ്റര്‍ എന്‍ജിന്‍ ഓയില്‍ വാങ്ങാന്‍വേണ്ടി യാത്രക്കാരില്ലാതെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തി വിവാദത്തിലായിരിക്കുന്നു. എരുമേലി ഓപ്പറേറ്റിംഗ് സെന്ററിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.

കെഎസ്ആര്‍ടിസി എരുമേലി ഓപ്പറേറ്റിംഗ് സെന്ററിലേക്ക് ഒരു സ്വകാര്യ ബസിന്റെ ദീര്‍ഘദൂര പെര്‍മിറ്റ് അനുവദിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് എന്‍ജിന്‍ ഓയിലിന്റെ ആവശ്യം വേണ്ടി വന്നത്. സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന ബസിന്റെ ഓയില്‍ തീര്‍ന്നതിനാല്‍ ഈ ബസ് ഗാരേജില്‍ കയറ്റിയിട്ട് പകരം കളക്ഷന്‍ കുറഞ്ഞ ഒരു ഓര്‍ഡിനറി ബസിന്റെ സര്‍വീസ് റദ്ദാക്കി എറണാകുളത്തിന് വിട്ട് ആ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചു.

ശേഷം പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് ബസില്‍ ഓയില്‍ ഗാരേജില്‍ കയറ്റിയിട്ട ബസിനുവേണ്ടി എരുമേലിയിലേക്കെത്തിച്ചു. രാവിലെ ഓയില്‍ എരുമമലിയിലെത്തി വൈകുമന്നരമായപ്പോഴാണ് അധികൃതര്‍ക്ക് അമളി മനസ്സിലായത്. എത്തിയത് 15 ലിറ്റര്‍ എന്‍ജിന്‍ ഓയിലിനു പകരം 20 ലിറ്റര്‍ ഗിയര്‍ ഓയില്‍. പക്ഷേ അപ്പോഴേക്കും വര്‍ക്ക് ഷോപ്പ് ബസ് മടങ്ങിപ്പോയിരുന്നു.

വേറെ വഴിയൊന്നും മില്ലാതെ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ഒരു ബസിന്റെ ട്രിപ്പ് അവസാനിപ്പിച്ച് ഷണ്ടിംഗ് ഡ്യൂട്ടിയിലുള്ള ഡ്രൈവര്‍ക്ക് അധിക ഡ്യൂട്ടി നല്‍കി പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് ഓയില്‍ പിന്നീട് എരുമമലിയിലേക്ക് എത്തിക്കുകയായിരുന്നു. എരുമേലിയില്‍ നിന്നും പൊന്‍കുന്നം വരെയും അതുപോലെ തിരിച്ചും 50 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ബസിന് കുറഞ്ഞത് 15 ലിറ്റര്‍ ഡീസലെങ്കിലും വേണം.

വേറെ വഴിയൊന്നും ഇല്ലാഞ്ഞിട്ടാണ് ഇത്രയും നഷ്ടം സഹിച്ച് ഓയില്‍ എത്തിക്കേണ്ടി വന്നതെന്നും ലോക്കല്‍ പര്‍ച്ചേസിന് അനുമതിയുണ്ടായിരുന്നെങ്കില്‍ ഈ നഷ്ടം ഒഴിവാക്കാമായിരുന്നെന്നും ജീവനക്കാര്‍ പറയുന്നു. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്ആര്‍.ടി.സിക്ക് ഇതുപോലുള്ള നിസാരകാര്യങ്ങള്‍ക്കു പോലും ഉചിതമായ തീരുമാനം എടുക്കാതെ പോകുന്ന കാര്യമാണ് കഷ്ടം.