രണ്ടുലക്ഷം രൂപയ്ക്ക് മലയാളിവീട്ടമ്മയെ അറബിക്ക് വിറ്റു; രണ്ടുലക്ഷം തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മടക്കികൊണ്ടുവരാമെന്ന് ഏജന്റ്; ബുദ്ധിമാന്ദ്യമുള്ളവരുള്‍പ്പെടെ മൂന്ന് കുട്ടികള്‍ അമ്മയുടെ വരവും പ്രതീക്ഷിച്ച് നാട്ടില്‍

single-img
6 June 2014

Selastinaഗള്‍ഫില്‍ ജോലിക്കുപോയ മലയാളി വീട്ടമ്മയെ ഏജന്റ് രണ്ടുലക്ഷം രൂപയ്ക്ക് അറബിക്ക് വിറ്റതായി പരാതി. വയനാട് പള്ളിക്കുന്ന് എറളത്തും കൊല്ലി ജോര്‍ജ് മാനുവലിന്റെ ഭാര്യ സെലസ്റ്റിനായാണ് ഏജന്റിന്റെ ചതിയില്‍പെട്ട് അറബിയുടെ കൊടും ക്രൂരതയ്ക്കിരയായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നരകജീവിതം നയിക്കുന്നത്.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട സെലസ്റ്റിന മൂന്ന് കുട്ടികളുടെ മാതാവാണ്. ഇതില്‍ രണ്ടുകുട്ടികള്‍ ബുദ്ധിമാന്ദ്യത്തിന് ചികിത്സയിലാണ്. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന കുടുംബത്തെ അതില്‍ നിന്നും കരകയറ്റുന്നതിനായാണ് സെലസ്റ്റിന ഗദ്ദാമയുടെ വേഷം കെട്ടിയത്.

കഴിഞ്ഞ മാര്‍ച്ച് 13നാണ് പൊഴുതന സ്വദേശിനിയുടെ ക്ഷണപ്രകാരം വീട്ടുജോലിയ്ക്കായി സെലസ്റ്റിനാ കുവൈറ്റിലേയ്ക്ക് പോയത്. എന്നാല്‍ എയര്‍പേര്‍ട്ടില്‍ കാത്തു നില്‍ക്കുമെന്ന് അറിയിച്ച ഇവര്‍ സെലിസ്റ്റിന അവിടെയെത്തിയ ഉടനെ ഡ്രൈവറെ ഏര്‍പ്പാടാക്കി അവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവര്‍ ഇവരെ കൂട്ടികൊണ്ടു പോയി അല്‍ ജാസറിലെ ഒരു അറബിയ്ക്ക് രണ്ടു ലക്ഷം രൂപയ്ക്ക് വില്ക്കുകയായിരുന്നു.

അറബിയും ഭാര്യയും നിരന്തരം സെലിസ്റ്റിനായെ ശാരീരിക ഉപദ്രവം ഏല്പ്പിച്ചു വരുകയാണ്. ഇതിനോടകം രണ്ട് തവണ കൂടെ ജോലിചെയ്യുന്ന ജോലിചെയ്യുന്ന ശ്രീലങ്കക്കാരിയുടെ ഫോണില്‍ നിന്ന് നാട്ടിലേയ്ക്ക് വിളിച്ചിരുന്നു. താന്‍ ഇവിടെ ക്രൂരമായ പീഡനത്തിന് ഇരയാകുകയാണന്നും എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരികെ എത്തിക്കണമെന്നുമാണ് ഫോണിലൂടെ ആവശ്യപ്പെട്ടത്.എന്നാല്‍ രണ്ടാമത്തെ തവണ വിളിക്കുന്നത് അറബി കാണുകയും ചെയ്തതായി സഹോദരന്‍ ജോണ്‍സണ്‍ പറഞ്ഞു. അതിന് ശേഷം ഒരു വിവരവുമില്ല.

സെലസ്റ്റിനായുടെ ഭര്‍ത്താവ് പഴുതന സ്വദേശിക്ക് ഒന്നേകാല്‍ ലക്ഷം രൂപ നല്കാനുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രതികാരമാണ് അറബിക്ക് വിറ്റത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സഹോദരന്‍ ജോണ്‍സണ്‍ പറഞ്ഞു. ഒരു ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ സെലസ്റ്റിനായെ നാട്ടിലെത്തിക്കുന്ന വഴി ആലോചിക്കാമെന്ന് പറഞ്ഞ് പഴുതന സ്വദേശി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഹോദരന്‍ കഴിഞ്ഞ ദിവസം കമ്പളക്കാട് പോലീസ് സ്‌റ്റേഷനില്‍ കുവൈറ്റില്‍ കൊണ്ടു പോയ പഴുതന സ്വദേശിനിയെ പ്രതിയാക്കി പരാതി നല്കിയിരിക്കുകയാണ്.

മന്ത്രി പി.കെ. ജയലക്ഷ്മിക്ക് സഹോദരിയെ മടക്കികൊണ്ടു വരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോണ്‍സണ്‍ നിവേദനം സമര്‍പ്പിരിക്കുകയാണ്.