ഭര്‍ത്താവിനെയും മക്കളേയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയി; കൂട്ട ആത്മഹത്യശ്രമത്തില്‍ നാലുവയസ്സുകാരിയും ആറു വയസ്സുകാരനും മരിച്ചു

single-img
27 May 2014

Suicideഭര്‍ത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനുമൊത്തു കഴിയാനുള്ള ഭാര്യയുടെ തീരുമാനത്തില്‍ മനംനൊന്തു ഭര്‍ത്താവും പിഞ്ചു മക്കളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ വിഷം കഴിച്ചു. നാലു ആറും വയസുള്ള രണ്ടു കുട്ടികള്‍ മരിച്ചു. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

തലസ്ഥാന നഗരിയില്‍ നാലാഞ്ചിറ പഴയ ചന്തയ്ക്കടുത്ത് അക്ഷയ ഗാര്‍ഡന്‍സില്‍ സോപാനം വീട്ടില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്ന രാജേഷ് കുമാര്‍ (35), മക്കളായ മഹേശ്വരന്‍ (10), വിഘ്‌നേശ്വരന്‍ (ആറ്), ശിവാനി (നാല്), രാജേഷിന്റെ അമ്മ ശ്രീകുമാരി (55) എന്നിവരാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഇവരില്‍ വിഘ്‌നേശ്വരനും അമ്മു എന്നു വിളിക്കുന്ന ശിവാനിയുമാണു മരിച്ചത്. രാജേഷിനെയും ശ്രീകുമാരിയെയും മെഡിക്കല്‍കോളജ് ആശുപത്രിയിലും മഹേശ്വരനെ എസ്.എ.ടി ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ രാജേഷിന്റെ വീടിന് അല്‍പം അകലെ താമസിക്കുന്ന രാജേഷിന്റെ ബന്ധുക്കളില്‍ ചിലര്‍ രാവിലെ രാജേഷിനെ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു. രാജേഷ് ഫോണെടുക്കാത്തതിനെ തുടര്‍ന്ന് അവര്‍ ലാന്‍ഡ് ലൈനിലേക്കും വിളിച്ചു. മറുപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി. വാതിലില്‍ തട്ടി വിളിച്ചിട്ടും ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പിന്‍വശത്തുള്ള മുറിയുടെ ജനാലച്ചില്ലുകള്‍ തകര്‍ത്തു പരിശോധിച്ചപ്പോഴാണ് ശ്രീകുമാരിയെയും കുട്ടികളെയും ഒരു മുറിയിലും രാജേഷിനെ മറ്റൊരു മുറിയിലും അബോധാവസ്ഥയില്‍ കണെ്ടത്തിയത്. വാതില്‍ തകര്‍ത്ത് അകത്തു കയറിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എല്ലാവരെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വിഘ്‌നേശ്വരനും ശിവാനിയും ആശുപത്രിയിലെത്തുന്നതിനു മുമ്പേ മരിച്ചിരുന്നു.

ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് രാജേഷിന്റെ ഭാര്യ ദേവി രണ്ടാഴ്ച മുമ്പുകാമുകനൊടൊപ്പം നാടു വിട്ടിരുന്നു. തിരുവന്നതപുരത്തെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയിതിരുന്ന ദേവി സഹപ്രവര്‍ത്തകനായിരുന്ന യുവാവിനോടൊപ്പം നാടുവിടുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണന്തല പോലീസ് കേസെടുക്കുകയും തൃശൂരില്‍ നിന്നു ദേവിയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഭര്‍ത്താവില്‍ നിന്നു തനിക്കു വലിയ മാനസികപീഡനം നേരിടേണ്ടി വരുന്നെന്നും അതിനാല്‍ കാമുകന്റെ കൂടെ ജീവിക്കാനാണു താനിഷ്ടപ്പെടുന്നതെന്നുമാണ് ദേവി അറിയിച്ചത്. തുടര്‍ന്നു കാമുകനൊപ്പം പോകാന്‍ ദേവിക്കു കോടതി അനുമതി നല്‍കുകയും ചെയ്തു. വ്യാഴാഴ്ച ഇരുവരോടും വീണ്ടും കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു.

കാമുകനൊപ്പം പോയ ഭാര്യയുടെ ചെയ്തിയില്‍ വേദനിച്ചിരുന്നുവെങ്കിലും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ രാജേഷ് തയാറായിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ ഭാര്യയുടെ കോടതിയിലുള്ള വെളിപ്പെടുത്തലില്‍ രാജേഷ് തകര്‍ന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനത്തില്‍ ജീവനക്കാരനായ രാജേഷ് ഇതിനുശേഷം കുറച്ചു ദിവസങ്ങളായി ജോലിക്കു പോകാറില്ലായിരുന്നു. രാജേഷ് മുഴുവന്‍സമയവും മക്കളോടൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്.

വിഘ്‌നേശ്വരന്റെയും ശിവാനിയുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്. സംഭവത്തില്‍ മണ്ണന്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.