ജനവിധി ഇന്ന്; ഫലം തത്സമയമറിയിക്കാന്‍ നൂതന വാര്‍ത്താസൗകര്യമൊരുക്കി ‘ഇ-വാര്‍ത്ത’

single-img
16 May 2014

counting1ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഒമ്പതു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്ന് രാവിലെ എട്ടു മുതല്‍ രാജ്യത്തെ 989 കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന വോട്ടെണ്ണലിലൂടെ അനാവൃതമാകുകയാണ്. ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ജനവിധിയുടെ ആദ്യഫലം എട്ടേകാലോടെ പുറത്തുവരും. എല്ലാ കേന്ദ്രങ്ങളിലും ആദ്യം പോസ്റ്റല്‍ ബാലറ്റുകളാകും എണ്ണുകയെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ പകുതിയോളമെങ്കിലും ഉച്ചയോടെ വ്യക്തമായ സൂചനയോ, ഫലപ്രഖ്യാപനമോ ലഭിക്കുമെന്നാണു കരുതുന്നത്. ഏപ്രില്‍ പത്തിനു വോട്ടെടുപ്പു നടന്ന കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ജനവിധിയുടെ സൂചന രാവിലെ മുതല്‍ തന്നെ ലഭ്യമാകും.

കനത്ത സുരക്ഷാസന്നാഹങ്ങളാണു വോട്ടെണ്ണലിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വോട്ടിംഗ് യന്ത്രത്തിന്റെയും സീലുകള്‍ പരിശോധിച്ച ശേഷമാകും ബാലറ്റ് യൂണിറ്റ് സ്വിച്ച് ഓണ്‍ ചെയ്യുക. സ്ഥാനാര്‍ഥികള്‍ സുരക്ഷാ ജീവനക്കാരെ ഒഴിവാക്കി വേണം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍. എസ്പിജി സുരക്ഷയുള്ള സ്ഥാനാര്‍ഥികള്‍ക്കു പോലും ഒരു സുരക്ഷാ ഉദ്യോഗസ്ഥനില്‍ കൂടുതല്‍ അനുവദിക്കില്ല.

ജനവിധി തത്സമയം വായനക്കാരിലെത്തിക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായാണ് ഇ-വാര്‍ത്ത ഒരുങ്ങിയിട്ടുള്ളത്. ആദ്യസൂചന പുറത്തുവരുന്ന സമയത്തുതന്നെ ഇ-വാര്‍ത്തയുടെ വെബ്‌സൈറ്റ് വഴി അതറിയാവുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയിട്ടുള്ളത്.