റബ്ബര്‍ സംഭരണം പുനഃസ്ഥാപിച്ചില്ലെങ്കില്‍ കര്‍ഷക പ്രക്ഷോഭമെന്ന് പി.സി. ജോര്‍ജ്

single-img
24 April 2014

P C georgeസര്‍ക്കാര്‍ പ്രഖ്യാപിച്ച റബര്‍ സംഭരണം അട്ടിമറിച്ച സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബിയെ നിലക്കുനിര്‍ത്തി സംഭരണം പുനരാരംഭിച്ചില്ലെങ്കില്‍ ഭരണ പങ്കാളിത്തവും മുന്നണി ബന്ധവും പരിഗണിക്കാതെയുള്ള അതിശക്തമായ കര്‍ഷക പ്രക്ഷോഭം ആരംഭിക്കുമെന്നു കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ് അറിയിച്ചു. റബര്‍ വിലയിടിക്കാന്‍ പരിശ്രമിച്ച ചില കേന്ദ്രമന്ത്രിമാരുടെ സ്വാധീനത്തിനുവഴങ്ങി കേരളത്തിലെ ഒരുപറ്റം ഉദ്യോഗസ്ഥ മേധാവികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റബര്‍ സംഭരണം അട്ടിമറിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കിലോയ്ക്ക് 240 രൂപയോളം വിലയുണ്ടായിരുന്ന റബറിനു ഇപ്പോള്‍ കേവലം 135 രൂപ മാത്രമാണു വില. റബര്‍ ഇറക്കുമതി തീരുവ 20 രൂപയില്‍ നിന്നും 25 ശതമാനമാക്കി ഉയര്‍ത്തുവാനുള്ള തീരുമാനം അട്ടിമറിച്ച അതേ ശക്തികള്‍ തന്നെയാണു വിപണി വിലയേക്കാള്‍ രണ്ടുരൂപ കൂടുതല്‍ നല്‍കി റബര്‍ സംഭരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടിയെ രാജ്യത്തെ ടയര്‍ലോബിക്കുവേണ്ടി ബോധപൂര്‍വം തടസപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.