മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ കോച്ച്‌ ഡേവിഡ്‌ മോയസിനെ പുറത്താക്കി

single-img
23 April 2014

moisesലണ്ടന്‍: മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ കോച്ച്‌ ഡേവിഡ്‌ മോയസിനെ പുറത്താക്കി.  യുണൈറ്റഡ്‌ താരങ്ങള്‍ പതിവു പോലെ പരിശീലനത്തിനെത്തിയപ്പോഴാണു ക്ലബ്‌ അധികൃതര്‍ മോയസിനെ ഒഴിവാക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്‌.

26 വര്‍ഷം കോച്ചായിരുന്ന അലക്‌സ്‌ ഫെര്‍ഗുസണ്‍ കഴിഞ്ഞ സീസണിലാണു യുണൈറ്റഡ്‌ കോച്ച്‌ സ്‌ഥാനത്തുനിന്നു രാജിവച്ച ശേഷം അദ്ദേഹത്തിന്റെ ശിപാര്‍ശ പ്രകാരം കഴിഞ്ഞ ജൂലൈയിലാണു മോയസിനെ കോച്ചായി നിയമിച്ചത്‌.

ആറു വര്‍ഷത്തെ കരാറിനായിരുന്നു മോയസിന്റെ നിയമനം.
എവര്‍ടണ്‍ കോച്ചായിരിക്കേയാണു മോയസ്‌ യുണൈറ്റഡിലെത്തുന്നത്‌.

അതേ ടീമിനെതിരേ ഞായറാഴ്‌ച നടന്ന മത്സരത്തില്‍ യുണൈറ്റഡ്‌ 2-0 ത്തിനു തോറ്റിരുന്നു. എവര്‍ടണിനെ 11 വര്‍ഷം പരിശീലിപ്പിച്ച മോയസ്‌ ടീമിന്‌ ഒരു കിരീടം പോലും നേടിക്കൊടുത്തിരുന്നില്ല. ഫെര്‍ഗുസണ്‍ മോയസിനു വേണ്ടി ശിപാര്‍ശ ചെയ്‌തത്‌ പ്രീമിയര്‍ ലീഗ്‌ ആരാധകരില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു.

ക്ലബിന്‌ ആകെ 20 കിരീടങ്ങള്‍ നേടിക്കൊടുത്ത ഫെര്‍ഗുസണിൻ വിടവാങ്ങിയ ശേഷം യുണൈറ്റഡിന്‌ തോല്‍വികള്‍ തുടര്‍ക്കഥയായി. പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാര്‍ ഏഴാം സ്‌ഥാനത്തേക്ക്‌ ഒതുക്കപ്പെട്ടു. ആദ്യ നാലില്‍ പെടാത്തതിനാല്‍ അടുത്ത ചാമ്പ്യന്‍സ്‌ ലീഗ്‌ സീസണില്‍ കളിക്കാനുമാകാത്ത അവസ്‌ഥയായി.
1995-96 സീസണിനു ശേഷം ആദ്യമായാണു യുണൈറ്റഡ്‌ ഇല്ലാതെ ചാമ്പ്യന്‍സ്‌ ലീഗ്‌ സീസണ്‍ നടക്കുക.

1969 -1971 കാലഘട്ടത്തിലും യുണൈറ്റഡ്‌ സമാന അവ്‌സഥയിലൂടെ കടന്നു പോയിട്ടുണ്ട്‌. 24 വര്‍ഷം പരിശീലകനായിരുന്ന മാറ്റ്‌ ബുസ്‌ബി വിരമിച്ചതോടെയായിരുന്നു അത്‌. പകരം കോച്ചായ വില്‍ഫ്‌ മക്‌ഗിന്നസിനെ 18 മാസത്തിനു ശേഷം പുറത്താക്കി യുണൈറ്റഡ്‌ മാറ്റ്‌ ബുസ്‌ബിയെ തിരിച്ചുവിളിക്കുകയായിരുന്നു. എന്നാൽ മടങ്ങിവരവില്ലെന്നു വ്യക്‌തമാക്കിയാണു ഫെര്‍ഗുസണ്‍ പോയത്‌.

സീസണിലെ ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ വെറ്ററന്‍ മിഡ്‌ഫീല്‍ഡറും മോയസിന്റെ അസിസ്‌റ്റന്റുമായ റയാന്‍ ഗിഗ്‌സ്‌ താല്‍കാലിക കോച്ചായിരിക്കുമെന്നു യുണൈറ്റഡ്‌ വ്യക്‌തമാക്കി.

13 പ്രീമിയര്‍ ലീഗ്‌ കിരീടങ്ങളും രണ്ട്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടങ്ങളും നാല്‌ എഫ്‌.എ. കപ്പ്‌ കിരീടങ്ങളും നാല്‌ ലീഗ്‌ കപ്പ്‌ കിരീടങ്ങളും ഒരു ഫിഫ ക്ലബ്‌ ലോകകപ്പും ഗിഗ്‌സിന്റെ മികവില്‍ യുണൈറ്റഡ്‌ സ്വന്തമാക്കി.

ശനിയാഴ്‌ച നോര്‍വിക്ക്‌ സിറ്റിക്കെതിരേ സ്വന്തം തട്ടകമായ ഓള്‍ഡ്‌ട്രാഫോഡില്‍ നടക്കുന്ന മത്സരത്തിലാണു ഗിഗ്‌സിന്റെ അരങ്ങേറ്റം.