കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വരുണ്‍ഗാന്ധിയുടെ പ്രശംസ

single-img
3 April 2014

varunകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അര്‍ധസഹോദരനും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ വരുണ്‍ഗാന്ധിയുടെ പ്രശംസ.അമേഠി മണ്ഡലത്തില്‍ സ്വാശ്രയസംഘങ്ങള്‍വഴി രാഹുല്‍ നടപ്പാക്കുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നാണ് വരുണ്‍ പറഞ്ഞത്. സ്ത്രീകളുടെ പദവി ഉയര്‍ത്തുന്ന ഈ മാതൃക തന്റെ മണ്ഡലത്തിലും പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പരാമര്‍ശം ബി.ജെ.പി.യില്‍ ചര്‍ച്ചയായതോടെ തന്റെ വാക്കുകള്‍ ഏതെങ്കിലും പാര്‍ട്ടിയെയോ സ്ഥാനാര്‍ഥിയെയോ അംഗീകരിച്ചതല്ലെന്ന് വരുണ്‍ പ്രതികരിച്ചു. അമേഠിയിലെ സ്ത്രീശാക്തീകരണപദ്ധതിയെപ്പറ്റി അറിയുമോ എന്ന ചോദ്യത്തിനോടാണ് താന്‍ പ്രതികരിച്ചതെന്നും ട്വിറ്ററില്‍ അദ്ദേഹം എഴുതി.

സ്വന്തം മണ്ഡലമായ സുല്‍ത്താന്‍പുരിലെ പ്രചാരണത്തിനിടയില്‍ ഒരു സംഘം അധ്യാപകരുമായുള്ള സംവാദത്തിനിടെയാണ് വരുണ്‍ രാഹുലിന്റെ പദ്ധതിയെ പ്രശംസിച്ചത്.അമേഠിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മറ്റുള്ളവര്‍ പ്രശംസിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു എന്നും കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രത്യേകം പദ്ധതി തയ്യാറാക്കിയാണ് മണ്ഡലത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്’ എന്നും രാഹുല്‍ പറഞ്ഞു