ക്രിമിയന്‍ പ്രവിശ്യ; യുദ്ധം ആസന്നമെന്ന് നിരീക്ഷകര്‍

single-img
3 March 2014

ukrainക്രിമിയന്‍ പ്രവിശ്യ റഷ്യന്‍ സൈന്യം പിടിച്ച സാഹചര്യത്തില്‍ യുദ്ധത്തിനു തയാറെടുക്കാന്‍ യുക്രെയിന്‍ സേനയ്ക്ക് ഉത്തരവു നല്‍കിയെന്നു പ്രധാനമന്ത്രി ആര്‍സെനി യാറ്റ്‌സെന്യൂക് അറിയിച്ചു. ഇതോടെ ഈ പ്രശ്‌നത്തിന്റെ പേരില്‍ യുദ്ധം ആസന്നമാണെന്ന് രാഷ്‌രടീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

യുക്രെയിനിന്റെ സുരക്ഷ ഉറപ്പാക്കാന്‍ 40 വയസുവരെ പ്രായമുള്ളവരെ റിക്രൂട്ടു ചെയ്ത് റിസര്‍വ് സേന രൂപീകരിക്കുമെന്നും നാറ്റോ, ബ്രിട്ടന്‍, യുഎസ് എന്നിവയുടെ സഹായം അഭ്യര്‍ത്ഥിക്കുമെന്നും യാറ്റ്‌സെന്യൂക് പ്രഖ്യാപിച്ചു.

യുക്രെയിനിലെ റഷ്യക്കാരുടെ രക്ഷയ്ക്ക് സൈനിക ഇടപെടല്‍ നടത്താന്‍ പ്രസിഡന്റ് പുടിന് പാര്‍ലമെന്റ് ശനിയാഴ്ച അനുമതി നല്‍കിയിരുന്നു. അതേ തുടര്‍ന്ന് ക്രിമിയയിലുള്ള റഷ്യന്‍ കരിങ്കടല്‍ കപ്പല്‍പ്പടയിലെ മുങ്ങിക്കപ്പലുകള്‍ തീരത്തേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ക്രിമിയയിലെ കെര്‍ച്ച്, സെവാസ്തപ്പോള്‍ എന്നിവിടങ്ങളില്‍നിന്നുള്ള യുക്രെയിന്‍ തീരരക്ഷാസേനയുടെ കപ്പലുകള്‍ അവിടെനിന്ന് ഒഡേസ, മാരിയുപോള്‍ എന്നിവിടങ്ങളിലേക്ക് നീക്കിയതായി അധികൃതര്‍ പറഞ്ഞു. ക്രിമിയയില്‍ റഷ്യന്‍ സൈന്യത്തിന്റെ ആധിപത്യം ഏതാണ്ടു പൂര്‍ണമാണെന്നതിന്റെ തെളിവാണിത്.

ഇന്നലെ ക്രിമിയ പൊതുവേ ശാന്തമായിരുന്നു. എന്നാല്‍, പലേടത്തും ചെറിയ സൈനിക യൂണിറ്റുകള്‍ കൈയടക്കാന്‍ റഷ്യന്‍ സേന ശ്രമിച്ചു. യൂണിറ്റുകളിലുള്ളവരോടു കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വെടിവയ്പു നടത്തിയില്ല. റഷ്യന്‍ നടപടിയെ അനുകൂലിക്കുന്നവരാണ് ക്രിമിയയിലെ ജനങ്ങളില്‍ നല്ലപങ്കും. അവര്‍ റഷ്യയ്ക്ക് അനുകൂലമായി പ്രകടനം നടത്തുകയും പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള പ്രധാന മന്ദിരങ്ങളില്‍ റഷ്യന്‍ പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.