ടി പി കേസിൽ കെ.കെ. രമയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്നുമുതൽ

single-img
3 February 2014

rmaടി പി കേസിൽ സി.പി.എമ്മിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ ഇന്ന് രാവിലെ മുതൽ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ടി.പിയുടെ വധത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാരസമരം ആരംഭിക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്നതിനായി കെ.കെ. രമയും നൂറോളം ആര്‍.എം.പി. പ്രവര്‍ത്തകരും ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെത്തി.അതേസമയം ടി.പി. വധക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതിനെതിരെ സി.പി.എം. രംഗത്തെത്തിയിട്ടുണ്ട്. സി.ബി.ഐ. അന്വേഷണനീക്കം ഭരണഘടനാവിരുദ്ധവും അന്വേഷണ ഏജന്‍സിയുടെയും കോടതിയുടെയും അധികാരത്തിലുള്ള കൈകടത്തലുമാണെന്ന് സി.പി.എം. ആരോപിച്ചിട്ടുണ്ട്.

അതേസമയം ടി.പി. വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബി.ഐയ്ക്ക് വിടുന്നതിന് നിയമ തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുമുണ്ട്. സി.ബി.ഐ. അന്വേഷണം സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായി സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമോപദേശം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കെ.കെ. രമയുടെ നിരാഹാര സമരത്തോട് വി.എസ്.അച്യുതാനന്ദന്‍ എന്തുനിലപാട് സ്വീകരിക്കുമെന്നാണ്‌സി.പി.എം. അണികളടക്കം എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.നിരാഹാരസമരത്തിനായി ഒഞ്ചിയത്തെ വീട്ടില്‍നിന്നും പുറപ്പെടുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കെ.കെ. രമ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ മരണംവരെ നിരാഹാരമിരിക്കുമെന്ന്പ്രഖ്യാപിച്ചിട്ടുണ്ട്.

തന്റെ സമരപ്പന്തലില്‍ പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എത്തുമെന്നും രമ പറഞ്ഞിട്ടുണ്ട്. അതേസമയം ടി.പി. വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നകാര്യത്തില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.