ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു കെ.കെ. രമ നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം ആരംഭിക്കും

single-img
2 February 2014

ramaടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു കെ.കെ. രമ നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം ആരംഭിക്കും. ഇതിനായി രമയും ആര്‍.എം.പി. പ്രവര്‍ത്തകരും ഇന്നു തിരുവനന്തപുരത്തേക്കു തിരിക്കും. വടകര റെയില്‍വേ സ്‌റ്റേഷനില്‍നിന്ന്‌ ഇന്നുച്ചയ്‌ക്കു കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസിലാണു നിരാഹാരത്തിനായി രമ യാത്രതിരിക്കുക. ആര്‍.എം.പി. നേതാക്കള്‍ ഉള്‍പ്പെടെ പത്തോളം പ്രവര്‍ത്തകരും രമയ്‌ക്കൊപ്പമുണ്ടാകും. വീട്ടുവളപ്പിലെ ചന്ദ്രശേഖരന്‍ രക്‌തസാക്ഷി മണ്‌ഡപത്തില്‍ രാവിലെ ഒമ്പതിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ രമയ്‌ക്കു യാത്രയയപ്പു നൽകി .മരണം വരെ സമരവുമായി മുന്നോട്ടുപോകും എന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരപ്പന്തലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും.വിഎസ് സമരത്തില്‍ പങ്കെടുക്കേണ്ടതാണെന്നും രമ വ്യക്തമാക്കി.

നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ ജില്ലയില്‍നിന്നു 100 ആര്‍.എം.പി. പ്രവര്‍ത്തകരും നാളെ തലസ്‌ഥാനത്തേക്കു തിരിക്കും. ഇവര്‍ രാവിലെ മുതലുള്ള ട്രെയിനുകളില്‍ യാത്രയാവും. ഇവരുള്‍പ്പെടെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഞ്ഞൂറോളം പാര്‍ട്ടിപ്രവര്‍ത്തകര്‍ സമരപന്തലിലുണ്ടാവും. സി.ബി.ഐ. അന്വേഷണത്തിനുവേണ്ടി മരണം വരെ നിരാഹാര സമരമിരിക്കുമെന്നാണു രമ പ്രഖ്യാപിച്ചിരിക്കുന്നത്‌. സമരം നീണ്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ ജില്ലാ കേന്ദ്രങ്ങളില്‍ അനുഭാവനിരാഹാര സമരം ആരംഭിക്കുന്ന കാര്യം ആര്‍ .എം.പി. നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്‌.