വെള്ളത്തൊപ്പിയിട്ട ഉത്തരാധുനിക ഫാസിസ്റ്റുകള്‍

single-img
1 February 2014

ഫാസിസം എന്ന് കേള്‍ക്കുമ്പോള്‍ ലോകജനതയുടെ മനസ്സിലേയ്ക്ക് ആദ്യമെത്തുക മുസ്സോളിനി, ഹിറ്റ്ലര്‍ തുടങ്ങിയവരുടെ മുഖങ്ങള്‍ ആണെങ്കില്‍ ഇന്ത്യന്‍ ജനതയുടെ മനസ്സിലേയ്ക്ക് ആദ്യം എത്തുന്നത്‌ അദ്വാനിയുടെയും നരേന്ദ്രമോഡിയുടെയും ഒക്കെ മുഖങ്ങള്‍ ആകും.

സംവരണത്തിനെതിരെ ഉള്ള സമരങ്ങളും ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ഗുജറാത്ത് കലാപവും ഒക്കെ ആണ് മതേതര ഇന്ത്യയുടെ മാറില്‍ സ്വദേശി ഫാസിസ്റ്റുകള്‍ ഏല്‍പ്പിച്ച മുറിവുകള്‍ .ഹിന്ദു വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബി ജെ പിയ്ക്ക് ഒരു ബദലായി ദേശീയ രാഷ്ട്രീയത്തില്‍ ആകെ ഉള്ളത് കോണ്ഗ്രസ്സ് ആയിരുന്നു.അഴിമതിയും കുടുംബവാഴ്ച്ചയും കൊണ്ട് ഇന്ത്യന്‍ ജനതയെ  കോണ്ഗ്രസ്സ് കൊഞ്ഞനം കാണിക്കുമ്പോള്‍ അവിടെയും രക്ഷയില്ല.  ഇടതുപക്ഷമാണെങ്കില്‍  വേണ്ട രീതിയില്‍ എല്ലായിടത്തും ശക്തി പ്രാപിച്ചിട്ടുമില്ല.അങ്ങനെ ഒരു സന്ദര്‍ഭത്തിലാണ് അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശം. ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയിലൂടെ മുന്നോട്ട് വന്ന അരവിന്ദ് കേജ്രിവാളും സംഘവും അതിന്റെ നേതാവായ അണ്ണാ ഹസാരെയുമായി തെറ്റിപ്പിരിഞ്ഞാണ് ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നത്.

2012 ഡിസംബറില്‍ നടന്ന ഡല്‍ഹി കൂട്ടബലാല്‍സംഗവും അനുബന്ധ സമരങ്ങളും ആം ആദ്മി പാര്‍ട്ടി നല്ല രീതിയില്‍ തന്നെ ഉപയോഗിച്ചു എന്ന് പറയാം. എന്തെങ്കിലും ഒരു പ്രാദേശികമോ  താല്‍ക്കാലികമോ ആയ കാരണങ്ങള്‍ക്ക് വേണ്ടി ഒത്തു കൂടുന്ന  പ്രത്യേകിച്ച് എന്തെങ്കിലും രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലപാടുകള്‍ ഇല്ലാത്ത ആള്‍ക്കൂട്ടങ്ങളെ നന്നായി ഉപയോഗിക്കാന്‍ ആം ആദ്മി നേതൃത്വത്തിന് കഴിഞ്ഞു എന്നതാണ് അവരുടെ നേട്ടം.അത്തരം ഗിമ്മിക്കുകള്‍  കാണിച്ചും അഴിമതിക്കെതിരെയുള്ള ജനവികാരം മുതലെടുത്തും ആം ആദ്മി അങ്ങ് ദില്ലിയില്‍ അധികാരത്തിലേറുകയും ചെയ്തു.

എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണകാലത്ത് തന്നെ ഉയര്‍ന്നിരുന്ന ആരോപണം, അരവിന്ദ് കേജ്രിവാള്‍ അടക്കമുള്ളവര്‍ സംവരണത്തിനെതിരെ സമരം നയിച്ചിരുന്ന ന്യൂ ജനറേഷന്‍ സംഘടനയായ “യൂത്ത് ഫോര്‍ ഇക്വാളിറ്റി”യുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആണ് എന്നായിരുന്നു.ഡല്‍ഹി കൂട്ടബലാല്‍സംഗത്തിനെതിരെ പ്രതിഷേധം നടക്കുന്ന സമയത്ത്  “ബലാല്‍സംഗത്തിന് വധശിക്ഷ നിര്‍ബന്ധമാക്കുക ” എന്നാവശ്യപ്പെടുന്ന പ്രകാശിതമായ ഫ്ലക്സ് ബോര്‍ഡുകള്‍ (വന്‍കിട സ്ഥാപനങ്ങള്‍ പരസ്യത്തിനുപയോഗിക്കുന്ന വിലകൂടിയ ഫ്ലക്സ് ബോര്‍ഡുകള്‍ ) ദല്‍ഹി നഗരസഭയുടെ വെയിറ്റിംഗ് ഷെഡ്‌ഡുകളില്‍ സ്ഥാപിച്ചായിരുന്നു ആം ആദ്മിയുടെ ആശയപ്രചരണം. ബലാല്‍സംഗത്തിന് വധശിക്ഷ വേണം എന്ന ആവശ്യത്തില്‍ തന്നെ സ്ത്രീ വിരുദ്ധത ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് വാസ്തവം. സാമൂഹിക പ്രശ്നങ്ങളെ ഇത്ര ഉപരിപ്ലവമായി വിലയിരുത്തുകയും ഇത്തരം തീവ്രമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ആപ്പുകാര്‍ സദാചാര പോലീസിംഗ് നടത്തുന്ന സംഘപരിവാറില്‍ നിന്നും ഒട്ടും വ്യത്യസ്ഥരല്ല എന്ന് അന്ന് തന്നെ മനസ്സിലായതാണ്.

ആപ്പ് അധികാരത്തില്‍ വന്ന ശേഷം വംശീയവിദ്വേഷം പ്രകടമാക്കുന്ന പ്രവൃത്തികള്‍ ആണ് നിരന്തരം ഉണ്ടായിരിക്കുന്നത്.സോമനാഥ ഭാരതിയുടെ രാത്രി റെയ്ഡും അനുബന്ധമായി ഉണ്ടായ വിവാദങ്ങളും ആം ആദ്മിയുടെ യഥാര്‍ത്ഥ മുഖം നമുക്ക് കാണിച്ചു തന്നു.ഉഗാണ്ടന്‍ യുവതികളെ കറുത്തവര്‍ എന്ന് വിളിച്ചു അധിക്ഷേപിക്കുകയും നിയമവിരുദ്ധമായി ദേഹപരിശോധന നടത്തുകയും ചെയ്ത ഡല്‍ഹി നിയമമന്ത്രിയും കൂട്ടരും അവരോടു രാജ്യം വിട്ടു പോകാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തത്രേ!

“നിങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് എന്താണ് ഞങ്ങള്‍ കറുത്ത മനുഷ്യരോട് ഇത്രയും വിരോധം ? കറുത്ത നിറം ആയിപ്പോയത് ഞങ്ങളുടെ കുറ്റമാണോ?ഉഗാണ്ടയിലെ പാര്‍ലമെന്റില്‍പ്പോലും ഇന്ത്യന്‍ വംശജര്‍ ഉണ്ട്.നിങ്ങള്‍ ഞങ്ങളോട് പെരുമാറിയപോലെ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജങ്ങളോട് പെരുമാറാന്‍ ഞങ്ങളുടെ സര്‍ക്കാരുകള്‍ തീരുമാനിച്ചാലോ?നിങ്ങളുടെ എംബസികള്‍ അടക്കം അടച്ചു പൂട്ടേണ്ടി വരില്ലേ?” ചോദിക്കുന്നത് ഡല്‍ഹിയില്‍ വിദ്യാര്‍ഥിനി ആയ സിഡ്നി ആണ്.സിഡ്നി ഉഗാണ്ടന്‍ സ്വദേശി ആണ്.ആഫ്രിക്കയിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഭൂരിപക്ഷം വരുന്ന കറുത്തവര്‍ഗക്കാരോട് സവര്‍ണ്ണ ഫാസിസ്റ്റുകള്‍ ഇങ്ങനെ ആണ് പെരുമാറുന്നത് എന്ന് പറഞ്ഞു സിഡ്നിയെപ്പോലെയുള്ളവരെ ആശ്വസിപ്പിക്കാനെ നമുക്ക് കഴിയൂ.ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസ് “കറുത്ത് മെലിഞ്ഞ” മലയാളി  നഴ്സുമാരെക്കുറിച്ച് നടത്തിയ പരാമര്‍ശം പോലും ഈ പാര്‍ട്ടിയില്‍ കടന്നുകൂടിയിരിക്കുന്ന ആളുകളെക്കുറിച്ച് വ്യക്തമായ സൂചനയാണ് തരുന്നത്.

എന്നാല്‍ ഈയടുത്ത് അരവിന്ദ് കേജ്രിവാളിന്റെതായി വന്ന “ഖാപ് പഞ്ചായത്തുകള്‍ നിരോധിക്കേണ്ടതില്ല” എന്ന പ്രഖ്യാപനം ആണ് ഈ പാര്‍ട്ടിയുടെ ഫാസിസ്റ്റ് മുഖം നേരിട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തുകള്‍ കുപ്രസ്സിദ്ധമാണ്.ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യങ്ങളെ നാട്ടുക്കൂട്ടം നിയന്ത്രിക്കുന്ന സവര്‍ണ്ണ-പുരുഷാധിപത്യ ബോധത്തില്‍ അധിഷ്ടിതമായ ഖാപ്പ് പഞ്ചായത്തുകളെ “സാസ്കാരത്തിന്റെ കാവലാളുകള്‍ ” എന്ന് വിശേഷിപ്പിച്ചതിലൂടെ തന്റെ പാര്‍ട്ടി നടപ്പിലാക്കാന്‍ പോകുന്ന സാമൂഹ്യബോധം എങ്ങനെയുള്ളതാണ് എന്ന് അദ്ദേഹം മനസ്സിലാക്കിത്തരുന്നു.താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്ന മകളെയും ഭര്‍ത്താവിനെയും വെട്ടിക്കൊല്ലുന്ന അഭിമാനബോധം ആണ് കേജ്രിവാള്‍ ഉദ്ദേശിക്കുന്ന സംസ്കാരമെങ്കില്‍ ഈ നിശബ്ദ ഫാസിസ്റ്റുകളെ അധികാരത്തിലേക്ക് നയിക്കാന്‍ സൈബര്‍ ലോകത്ത് വിയര്‍പ്പൊഴുക്കുന്ന അപ്പര്‍ മിഡില്‍ ക്ലാസ് യുവത്വങ്ങളോട് സഹതാപം മാത്രമേ പ്രകടിപ്പിക്കാന്‍ കഴിയൂ. വെള്ളത്തൊപ്പിയണിഞ്ഞു നമ്മുടെ മുന്നിലേയ്ക്ക് വരുന്ന ആം ആദ്മികളുടെ ചിരിക്കു പിന്നില്‍ സ്വസ്തിക ആകൃതിയില്‍ ഒരു ദംഷ്ട്ര ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

Arvind Kejriwal says ban on khap panchayats not needed