സിഖു വിരുദ്ധ കൂട്ടക്കൊലയെക്കുറിച്ചുള്ള പരാമര്‍ശം : കോണ്ഗ്രസ്സ് ഓഫീസിനു മുന്നില്‍ ശക്തമായ പ്രതിഷേധം

single-img
30 January 2014

സിഖുവിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോണ്ഗ്രസ് വൈസ്പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് മുന്നൂറോളം പ്രക്ഷോഭകാരികള്‍ കോണ്ഗ്രസ്സ് ഓഫീസ് ഉപരോധിച്ചു.കരിങ്കൊടിയും മുദ്രാവാക്യം വിളിയുമായി സിഖുകാര്‍ ഓഫീസ് വളഞ്ഞു. പ്രവര്‍ത്തകരെ തടയാന്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡിനു മുകളില്‍ കയറി പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.

രണ്ടു ദിവസം മുന്‍പ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ ആണ് വിവാദമായത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയുടെ വധത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഒരുപക്ഷേ ഉള്‍പ്പെട്ടിരിക്കാം. എന്നാല്‍ കലാപം നിയന്ത്രിക്കുന്നതില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞിരുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, രാഹുല്‍ ഉദ്ദേശിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേര് വെളിപ്പെടുത്തണമെന്നും രാഹുലില്‍ നിന്നും സിബിഐ മൊഴിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സിഖ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടുമുന്‍പ് നടന്ന കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ കോണ്‍ഗ്രസ് നേതാക്കളായ ജഗ്ദീഷ് ടൈറ്റലറും സജ്ജന്‍ കുമാറും വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിയമനടപടിക്രമങ്ങളിലെ കാലതാമസം മൂലം വിചാരണ വൈകിയതിനെ സിഖ് നേതാക്കളും കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രതിപക്ഷവും കാലങ്ങളായി കോണ്‍ഗ്രസിനെതിരെയുള്ള ആയുധമാക്കാറുണ്ട്.