ഓട്ടോറിക്ഷകളുടെ വര്‍ദ്ധിപ്പിച്ച ഒറ്റത്തവണ നികുതി വേണ്ടെന്നുവെച്ചതായി ധനമന്ത്രി കെ. എം. മാണി നിയമസഭയെ അറിയിച്ചു

single-img
29 January 2014

kmഓട്ടോറിക്ഷകളുടെ വര്‍ദ്ധിപ്പിച്ച ഒറ്റത്തവണ നികുതി വേണ്ടെന്നുവെച്ചതായി ധനമന്ത്രി കെ. എം. മാണി നിയമസഭയെ അറിയിച്ചു. ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂടി വര്‍ദ്ധിപ്പിച്ചതായും സ്റ്റാര്‍ ഹോട്ടലുകളുടെ ഭക്ഷണനികുതി വര്‍ദ്ധനവ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാക്കിയതായും ധനമന്ത്രി പറഞ്ഞു. ഓട്ടോറിക്ഷകളുടെ ഒറ്റത്തവണ നികുതി വേണ്ടെന്ന് വെച്ചതോടെ 25 കോടി രൂപയുടെ വരുമാനം നഷ്ടമാകും. സിഗററ്റിന്‌റെ നികുതിയില്‍ രണ്ട് ശതമാനം വര്‍ദ്ധനവ് വരുത്തി ഈ തുക തിരികെ പിടിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു. അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ ഭക്ഷണച്ചെലവില്‍ ആളൊന്നുക്ക് 200 രൂപ വര്‍ദ്ധിപ്പിച്ച് 1000 രൂപയാക്കി. കാര്‍ഷിക കടങ്ങള്‍ക്കായുള്ള ഗഹാന്‍ ഉടമ്പടിക്ക് ഏര്‍പ്പെടുത്തിയ നികുതി റദ്ദാക്കിയിട്ടുണ്ട്. റബര്‍ വിലയിടിവ് തടയാന്‍ വിപണിയില്‍ ഇടപെടും. റബര്‍ സംഭരണത്തിന് 10 കോടി രൂപ അനുവദിക്കും. അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 2,000 രൂപയായും ആശ വര്‍ക്കേഴ്സിനുള്ള ഓണറേറിയം 1,000 രൂപയായും വര്‍ധിപ്പിക്കും.പോത്തന്‍കോട്ടും ഏറ്റുമാനൂരും മിനി സിവില്‍ സ്‌റ്റേഷനും നിര്‍മ്മിക്കാന്‍ ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. പത്തനംതിട്ടയില്‍ ഗവ. കോളേജും മലപ്പുറത്ത് ഗവ. വനിതാ കോളേജും പുതുതായി അനുവദിച്ചിട്ടുണ്ട്. അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ മന്ത്രി ഇക്കാര്യം അനുവദിക്കുകയായിരുന്നു. എം.എല്‍.മാരുടെ ആസ്തി വികസന ഫണ്ടും പ്രത്യേക വികസന ഫണ്ടും വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.