സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ടിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം പശ്ചിമബംഗാള്‍ ഘടകം തള്ളി

single-img
23 January 2014

brinthaസി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ടിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം പശ്ചിമബംഗാള്‍ ഘടകം തള്ളി. ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എം. പി.ബി. അംഗവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് വൃന്ദയുടെ സ്ഥാനാര്‍ഥിത്വം വേണ്ടെന്നുവെച്ചത്.പശ്ചിമബംഗാളില്‍നിന്ന് കോണ്‍ഗ്രസ് പിന്തുണയോടെ ഒരു സ്വതന്ത്രനെ മത്സരിപ്പിക്കാനും സി.പി.എം. സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതായി അറിയുന്നു. ഈ നീക്കത്തെ സി.പി.എം. കേന്ദ്രനേതൃത്വം എതിര്‍ക്കില്ല.ബംഗാളില്‍ അഞ്ച് രാജ്യസഭാ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ ബോളിവുഡ് ചലച്ചിത്രതാരം മിഥുന്‍ ചക്രവര്‍ത്തിയടക്കം നാലുപേരെ തൃണമൂല്‍ സ്ഥാനാര്‍ഥികളായി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. അഞ്ചിലൊരു സീറ്റില്‍ സി.പി.എം. സ്ഥാനാര്‍ഥിക്ക് വിജയിക്കാനാവും. ഇതിലേക്ക് വൃന്ദാ കാരാട്ടിനെ മത്സരിപ്പിക്കാനായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍, ഇതിനോടു തനിക്കു യോജിപ്പില്ലെന്ന് ബുദ്ധദേബ് ഭട്ടാചാര്യ പി.ബി.യെ നേരിട്ടറിയിച്ചു. സംസ്ഥാനത്തുനിന്നുള്ള നേതാവിനെ മത്സരിപ്പിക്കാനാണ് സി.പി.എം പശ്ചിമബംഗാള്‍ ഘടകത്തിനും താത്പര്യം. ബുദ്ധദേബിന്റെ എതിര്‍പ്പ് കൂടിയായതോടെ വൃന്ദയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രനേതൃത്വം പിന്മാറി.