സുനന്ദ പുഷ്‌കറിന്റെ മരണം :ഞെട്ടലോടെ തലസ്‌ഥാനവാസികള്‍

single-img
18 January 2014

sunathaസുനന്ദ പുഷ്‌കറിന്റെ മരണം ഞെട്ടലോടെയാണ്‌ തലസ്‌ഥാനവാസികള്‍ കേട്ടത്‌.ചികിത്സയ്‌ക്കായി ഇവിടെ വന്ന്‌ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം പത്മനാഭസ്വാമിക്ഷേത്രത്തിലെ ലക്ഷദീപവും തൊഴുതാണ്‌ സുനന്ദ ഡല്‍ഹിക്ക്‌ മടങ്ങിയത്.കഴിഞ്ഞ ആറുമാസമായി ശാരീരിക സ്‌ഥിതി മോശമായി വരുന്നതിനെക്കുറിച്ച്‌ പരിശോധിക്കുന്നതിനാണ്‌ ഇവര്‍ തലസ്‌ഥാനത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്‌. കഴിഞ്ഞ ഞായര്‍ , തിങ്കള്‍ , ചൊവ്വാ ദിവസങ്ങളിലാണ്‌ തിരുവനന്തപുരത്ത്‌ അവര്‍ ഉണ്ടായിരുന്നത്‌. കഴിഞ്ഞ ആറുമാസമായി സുനന്ദ ക്ഷീണിതയായിരുന്നു. പലേടത്തും പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ്‌ തലസ്‌ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വിശദ പരിശോധനയ്‌ക്കായി എത്തിയത്‌. മൂന്നുദിവസമാണ്‌ ഇവിടെ പരിശോധന നടത്തിയത്‌. അസുഖകാരണം കണ്ടെത്താനായില്ല. വാതരോഗം മാത്രമാണ്‌ പരിശോധനയില്‍ തെളിഞ്ഞത്‌. അതുമായി ബന്ധപ്പെട്ട്‌ ഏഴുദിവസത്തേയ്‌ക്കുള്ള മരുന്നുകളും ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. മറ്റു പ്രശ്‌നങ്ങളൊന്നും കണ്ടെത്താനാകാത്തതിനാല്‍ 20ന്‌ മെഡിക്കല്‍ ബോര്‍ഡിന്‌ മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അവര്‍ സമ്മതിക്കുകയും 20 വീണ്ടും ഇവിടെ എത്താന്‍ വിമാനത്തില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുകയും ചെയ്‌തിരുന്നു.ചൊവ്വാഴ്‌ച ആശുപത്രി വിട്ട സുനന്ദപുഷ്‌ക്കര്‍ ശശി തരൂരിനൊപ്പം പത്മനാഭസ്വാമിക്ഷേത്രത്തിലെ ലക്ഷദീപം തൊഴാന്‍ പോയിരുന്നു. ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലക്ഷദീപം തൊഴുത്‌ സായൂജ്യമടഞ്ഞശേഷമാണ്‌ സുനന്ദയും തരൂരും ബുധനാഴ്‌ച രാവിലെ 6ന്‌ ഡല്‍ഹിയിലേക്ക്‌ പോയത്‌.അതിനുപിന്നാലെയാണ്‌ വന്‍ വിവാദമുണ്ടാക്കിയ പാക് ലേഖികയുമായുള്ള തരൂരിന്റെ ബന്ധം പുറത്തുവന്നത്‌.