എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളിലെ ബാഗേജ് അലവന്‍സ് 30 കിലോഗ്രാമാക്കി പുനഃസ്ഥാപിച്ചു.

single-img
8 January 2014

ഗള്‍ഫ് മേഖലയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളിലെ ബാഗേജ് അലവന്‍സ് 30 കിലോഗ്രാമാക്കി പുനഃസ്ഥാപിച്ചു.ഇതിന്റെ ഭലം ആയി ജനവരി 15 മുതല്‍ ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ യാത്രക്കാര്‍ക്ക് 30 കിലോഗ്രാം ബാഗേജ് കൊണ്ടുപോകാമെന്ന് വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു. അതേസമയം, വിമാനനിരക്ക് കുറയ്ക്കാന്‍ ഇടപെടുന്നതില്‍ സര്‍ക്കാറിന് പരിമിതികളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ ബാഗേജ് അലവന്‍സ് നേരത്തെ 20 കിലോയായി കുറച്ചിരുന്നു. കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിന്റെ ഭാഗമായായിരുന്നു ഇത്. എന്നാല്‍, തീരുമാനം വന്നപ്പോൾ തന്നെ പ്രവാസികളില്‍നിന്ന് വന്‍ എതിര്‍പ്പാണ് ക്ഷണിച്ചുവരുത്തിയത്. ഇത് കണക്കിലെടുത്താണ് ബാഗേജ് അലവന്‍സ് പരീക്ഷണാടിസ്ഥാനത്തില്‍ 30 കിലോയായി പുനഃസ്ഥാപിച്ചതെന്ന് മന്ത്രി പറഞ്ഞു. വിമാനനിരക്കുകള്‍ സീസണ്‍ സമയത്ത് കൂടുതലാണെന്ന് മന്ത്രി സമ്മതിച്ചു. രാജ്യത്ത് വ്യോമയാന രംഗം സ്വകാര്യവത്കരിക്കപ്പെട്ടു കഴിഞ്ഞു. വിമാനനിരക്ക് നിശ്ചയിക്കുന്നത് സര്‍ക്കാറല്ല. എയര്‍ ഇന്ത്യയാണ്. സ്വകാര്യ വിമാനക്കമ്പനികള്‍ നിശ്ചയിച്ച് പരസ്യപ്പെടുത്തുന്ന നിരക്കുകളില്‍നിന്ന് അവര്‍ വ്യതിചലിച്ചാല്‍ ഇടപെടാന്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന് അധികാരമുണ്ട്. മറ്റുരീതിയില്‍ ഇടപെടാനുള്ള അധികാരമില്ലെന്ന് മന്ത്രി വ്യക്തമാക്കി.