ആരോഗ്യസംരക്ഷണത്തില്‍ പ്ലംബിംഗിന് പ്രമുഖ സ്ഥാനം: ഐപിഎ

single-img
29 October 2013
1MLD ROപരിസ്ഥിതി, ആരോഗ്യം, ശുചിത്വം എന്നിവയിലുള്ള പ്ലംബിംഗ് വ്യവസായത്തിന്റെ പ്രസക്തിയെക്കുറിച്ച്  ന്യൂഡല്‍ഹിയില്‍ നവംബര്‍ 14,15 തീയതികളില്‍ നടക്കുന്ന വേള്‍ഡ് പ്ലംബിംഗ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. ഇന്ത്യ ആദ്യമായാണ് ഈ രാജ്യാന്തര ത്രൈവാര്‍ഷിക സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.
വാട്ടര്‍ ബില്‍ കുറയ്ക്കുന്നതു മുതല്‍ കോളറയും മഞ്ഞപ്പിത്തവും പോലുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതുവരെ വ്യത്യസ്തമായ ദൗത്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ പ്ലംബിംഗ് നിര്‍വ്വഹിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കെട്ടിടങ്ങളുടെയും മറ്റും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ശുദ്ധജല വിതരണത്തിലും ശരിയായ മാലിന്യനിര്‍മാര്‍ജ്ജനത്തിലും ജലസംരക്ഷണത്തിലും പ്ലംബിംഗ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ചോരുന്ന പൈപ്പുകള്‍ നന്നാക്കാനും പൊട്ടിയ ടാപ്പുകള്‍ മാറ്റിപ്പിടിപ്പിക്കാനും ജലസേചനത്തിനുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനുമുള്ള പ്രവര്‍ത്തിക്കാണ് പ്ലംബിംഗ് എന്നത് തെറ്റിദ്ധാരണയാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.
കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട ഒരു സേവന മേഖലയായിട്ടല്ല, ശുദ്ധജലവും ശരിയായ മലിനജല നിര്‍ഗമനവുമില്ലാത്തിടങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്തുവേണം പ്ലംബിംഗിനെ കാണാനെന്ന് ഇന്‍ഡ്യന്‍ പ്ലംബിംഗ് അസോസിയേഷന്‍ (ഐപിഎ) പ്രസിഡന്റ് ശ്രീ എം.സുധാകരന്‍ നായര്‍ പറഞ്ഞു.  പലവിധത്തിലുമുള്ള പകര്‍ച്ചവ്യാധികള്‍ മുന്‍കാലങ്ങളില്‍ പടര്‍ന്നതിന്റെ കാരണം മോശം ജലവിതരണ മാര്‍ഗങ്ങള്‍ ആയിരുന്നു. 2003ല്‍ ഹോങ്കോംഗില്‍ സാര്‍സ് വൈറസുകള്‍ പടര്‍ന്നത് ജലവിതരണോപകരണങ്ങളുടെ വിന്യാസത്തിലെ  പിഴവു മൂലമാണെന്നത് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതാണ്. ബഹുനില താമസമന്ദിരത്തിലെ മുകള്‍ നിലയിലെ ടോയ്‌ലറ്റ് രോഗംബാധിച്ച ഒരാള്‍ ഉപയോഗിക്കുമ്പോള്‍ താഴ്‌നിലകളിലെ ജലവിതരണ മാര്‍ഗങ്ങള്‍ വേണ്ടവിധം സംരക്ഷിക്കപ്പെട്ടവയല്ലെങ്കില്‍ രോഗാണുക്കള്‍ പടര്‍ന്നുപിടിക്കാന്‍ അത് കാരണമാകും. മലേറിയയും കോളറയും ടൈഫോയ്ഡും പോലുള്ള പല മാരക പകര്‍ച്ചവ്യാധികളും നിയന്ത്രണവിധേയമായതിനു പിന്നില്‍ മികച്ച ജലവിതരണ സംവിധാനങ്ങള്‍ നിലവില്‍ വന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഈ മേഖല നല്‍കുന്ന സംഭാവനയുടെ വലുപ്പത്തിനനുസരിച്ച് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ശ്രീ സുധാകരന്‍ നായര്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ രാജ്യത്തിന്റെ ആരോഗ്യസംരക്ഷകനാണ് പ്ലംബര്‍. ഇന്ത്യയിലാകട്ടെ പ്ലംബറിന് യാതൊരു വിലയുമില്ല. ഈ സ്ഥിതിയില്‍ മാറ്റം വരേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മോശം ജലവിതരണ, മലിനജലനിര്‍ഗമന സംവിധാനങ്ങള്‍ മൂലം ഇന്ത്യയുടെ ജിഡിപിയുടെ 6.4 ശതമാനം വരുന്ന 540 കോടി ഡോളര്‍ പ്രതിവര്‍ഷം നഷ്ടമാകുന്നതായി ലോകബാങ്ക് സമീപകാലത്തു നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ശുദ്ധജലമെന്നത് ആഡംബരമല്ല. ലളിതവും ശരിയായതുമായ പ്ലംബിംഗിലൂടെ മലിനജല നിര്‍ഗമനവും സാധ്യമാണ്. പക്ഷെ, അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങളില്‍ നാം ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളേക്കാള്‍ പിന്നിലാണ്.
ഇന്ത്യയിലെ പല നഗരങ്ങളിലും പ്രാചീനമായ പൈപ്പ് ശൃംഖലകളാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ 40 ശതമാനം വെള്ളവും ചോര്‍ച്ചയിലൂടെയും മറ്റും നഷ്ടമാകുകയാണ്. 1990 മുതല്‍ 25 വര്‍ഷം കൊണ്ട് മെച്ചപ്പെട്ട ജലവിതരണ സംവിധാനങ്ങളില്ലാത്ത ഗ്രാമീണ ജനതയുടെ എണ്ണം പകുതിയാക്കി കുറയ്ക്കുകയെന്ന മില്ലെനിയം ഡവലപ്‌മെന്റ് ഗോള്‍ (എംഡിജി) 7ല്‍ മികച്ച പ്ലംബിംഗിന് വലിയ പങ്കാണുള്ളത്.
വികസ്വര രാജ്യങ്ങളില്‍ 11 കോടി ആളുകള്‍ക്ക് ശുദ്ധജലവും 26 കോടി പേര്‍ക്ക് സ്വീകാര്യമായ മലിനജലനിര്‍ഗമന മാര്‍ഗങ്ങളും ലഭ്യമായിട്ടില്ല. ഇതിലേറെയും ഇന്ത്യയിലും ചൈനയിലുമുള്ളവരാണ്. അതുപോലെതന്നെ ദിവസവും 6000 കുട്ടികളാണ് ജലജന്യരോഗങ്ങളാല്‍ മരിക്കുന്നത്. ലോകത്തെ രോഗങ്ങളില്‍ 80 ശതമാനവും ജലജന്യമാണെന്നും അവയൊക്കെ തടയാവുന്നവയാണെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്. മികച്ച ജലവിതരണ സംവിധാനങ്ങളിലൂടെ ഈ പ്രശ്‌നങ്ങള്‍ പലതും തരണം ചെയ്യാം.
പ്ലംബിംഗിന് ഒരു പൊതുക്രമം ഉണ്ടാക്കി പിന്തുണയ്ക്കുകയാണെങ്കില്‍ മനുഷ്യരെ ബാധിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് ശ്രീ സുധാകരന്‍ നായര്‍ ചൂണ്ടിക്കാട്ടി. നല്ല കാര്യക്ഷമതയുള്ള കക്കൂസുകളും മൂത്രപ്പുരകളുമെല്ലാം വളരെ കുറച്ചുമാത്രമേ വെള്ളം ഉപയോഗിക്കുന്നുള്ളു. ഇതിലൂടെ വെള്ളത്തിന്റെ ശുദ്ധീകരണത്തിനും വിതരണത്തിനുമെല്ലാം ആവശ്യമായ ഊര്‍ജ്ജവും ലാഭിക്കാമെന്നകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
പല ഇന്‍ഡ്യന്‍ നഗരങ്ങളിലും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജലവിതരണവും മാലിന്യനിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നൂതനങ്ങളും ചെലവുകുറഞ്ഞതും ഊര്‍ജ്ജം ലാഭിക്കാനാകുന്നതുമായ മാര്‍ഗങ്ങള്‍ തുടരേണ്ടതുണ്ട്. നിര്‍മാണമേഖലയില്‍ പ്ലംബിംഗിന് നിയമാവലിയും പൊതുക്രമവും സര്‍ക്കാര്‍ നിര്‍ബന്ധമാക്കാത്തപക്ഷം സുരക്ഷിതമായ മാലിന്യനിര്‍മാര്‍ജ്ജനവും ശുദ്ധജലത്തിന്റെ ലഭ്യതയും സ്വപ്‌നമായി അവശേഷിക്കുകതന്നെ ചെയ്യുമെന്ന് ശ്രീ സുധാകരന്‍ നായര്‍ പറഞ്ഞു. കൃത്യമായ തൊഴില്‍ പരിശീലനം ലഭിച്ച പരിചയസമ്പന്നരായ പ്ലംബര്‍മായുടെ സഞ്ചയം ഉണ്ടാക്കേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.