ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് സുപ്രീം കോടതി

single-img
7 October 2013

ഡേറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എച്ച്.എല്‍.ദത്തു, ജസ്റ്റിസ് എം.വൈ.ഇക്ബാല്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. ഡേറ്റാ സെന്റര്‍ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ ദല്ലാള്‍ ടി.ജി.നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതി എന്തുകൊണ്ട് ഹാജരായില്ലെന്ന് കോടതി ചോദിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. അദ്ദേഹം ഹാജരായതിന് ശേഷം സര്‍ക്കാര്‍ സത്യവാങ്മൂലം പരിഗണിക്കാമെന്ന് കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് ജനറലായിരുന്നു സത്യവാങ്മൂലം നല്‍കേണ്ടത്. ചീഫ് സെക്രട്ടറിക്ക് എങ്ങനെ സത്യവാങ്മൂലം നല്‍കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ കോടതിയെ കളിയാക്കുകയാണോ എന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ നിലപാട് കോടതിയെ അത്ഭുതപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു. കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ 27-ന് കേസ് പരിഗണിച്ചപ്പോള്‍ സിബിഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ എജി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സംഭവം യുഡിഎഫിലും കോണ്‍ഗ്രസിലും വിവാദമായതോടെ ഈ മാസം ഒന്നിന് മന്ത്രിസഭായോഗം എജിയുടെ നിലപാട് തള്ളുകയും സിബിഐ അന്വേഷണം നടത്തുമെന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.