നേതാക്കളുടെ മുന്നില്‍ ലീഗുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

single-img
7 October 2013

Muslim_Leagueപാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷനില്‍ ലീഗുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും സ്റ്റേജില്‍നിന്ന് ഇറങ്ങിയപ്പോഴാണു പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ച് ആലക്കോട് പഞ്ചായത്തില്‍നിന്നെത്തിയവര്‍ ബഹളമുണ്ടാക്കിയത്. പ്രാദേശിക പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാതെ മജീദ് പോകരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇവര്‍ക്കെതിരേ മറ്റുള്ളവര്‍ തിരിഞ്ഞതോടെ പ്രശ്‌നം കൈയാങ്കളിയിലെത്തി. പ്രതിഷേധിച്ചവരെ നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ശാന്തരാകണമെന്നും ലീഗിന്റെ മാന്യത കാത്തു സൂക്ഷിക്കണമെന്നും പ്രസംഗം നിര്‍ത്തി കേന്ദ്രമന്ത്രി ഇ. അഹമ്മദ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും കൈയാങ്കളി തുടര്‍ന്നു.

ആലക്കോട് നിടുവോടിലെ മുസ്‌ലിം പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണു പ്രവര്‍ത്തകര്‍ ചേരിത്തിരിഞ്ഞ് ഏറ്റുമുട്ടുന്നതിലേക്കു വഴിവച്ചത്. പള്ളി നിര്‍മാണത്തിനായി ഗള്‍ഫുകാരനായ ഒരാള്‍ ആറു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹം നാട്ടിലെത്തിയപ്പോള്‍ കണക്കില്‍ മൂന്നരലക്ഷം മാത്രമാണു വരവുവച്ചതെന്നു മനസിലായി. ഇതോടെ പ്രശ്‌നം രൂക്ഷമാവുകയും ഗള്‍ഫുകാരന്‍ ആലക്കോട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരെ പിടികൂടാന്‍ ആലക്കോട് സിഐ മാത്യുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കി. ലീഗുകാരായ ചിലരെ പിടികൂടുകയും ചെയ്തു. ഇതിനിടെ, നിരപരാധികളുടെ വീടുകളിലടക്കം സിഐ റെയ്ഡ് നടത്തിയെന്നു ലീഗുകാര്‍ ആരോപിച്ചു. സിഐ മാത്യുവിനെ സ്ഥലം മാറ്റണമെന്നായിരുന്ന ഇവരുടെ ആവശ്യം.

ഇക്കാര്യം കണ്‍വന്‍ഷനു മുമ്പു പ്രവര്‍ത്തകര്‍ ജനറല്‍ സെക്രട്ടറി മജീദിനോട് ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കിയ ശേഷം മാത്രമേ താന്‍ പോവുകയുള്ളൂവെന്നു മജീദ് ഉറപ്പു നല്‍കിയിരുന്നത്രെ. ഉദ്ഘാടന പ്രസംഗം കഴിഞ്ഞിറങ്ങിയ ഹൈദരലി തങ്ങളുടെ കൂടെ പ്രശ്‌നം പരിഹരിക്കാതെ മജീദും പോകാനായി ഇറങ്ങിയതോടെയാണു പ്രവര്‍ത്തകര്‍ പ്രകോപിതരായത്. പ്രശ്‌നപരിഹാരത്തിനു ശേഷം നേതാക്കള്‍ വേദിവിട്ടാല്‍ മതിയെന്നാവശ്യപ്പെട്ട് ഇരുവരെയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ മജീദ് വേദിയിലേക്കു തിരിച്ചുപോയി. തുടര്‍ന്നുള്ള വാക്കേറ്റവും കൈയാങ്കളിയും 20 മിനിട്ടോളം നീണ്ടു. ബഹളത്തിനിടെ ജില്ലാ സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി വേദിയില്‍ വച്ചു രാജിയും പ്രഖ്യാപിച്ചു. പിന്നീടു നേതാക്കള്‍ ഇടപെട്ടു പെട്ടെന്നുണ്ടായ പ്രശ്‌നത്തില്‍ മനംനൊന്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നും രാജി സ്വീകരിക്കില്ലെന്നും അറിയിച്ചു. ഒടുവില്‍ കുഞ്ഞാലിക്കുട്ടിയെ ത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയതോടെയാണു രംഗം ശാന്തമായത്.