ഡേറ്റാ സെന്റര്‍ കൈമാറ്റം: ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ് രംഗത്ത്

single-img
28 September 2013

pc-georgeകഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലത്തുണ്ടായ ഡേറ്റാ സെന്റര്‍ കൈമാറ്റം സിബിഐ അന്വേഷിക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയ സര്‍ക്കാര്‍ നിലപാടിനെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് രംഗത്ത്. വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിന്റെ ചാരനായി ഒരു മന്ത്രി പ്രവര്‍ത്തിക്കുന്നുണ്‌ടെന്നും ഇയാളാണ് നന്ദകുമാറിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതെന്നും പി.സി ജോര്‍ജ് ആരോപിച്ചു. എന്നാല്‍ ഏത് മന്ത്രിയാണെന്ന് വെളിപ്പെടുത്താന്‍ പി.സി ജോര്‍ജ് തയാറായില്ല. അക്കാര്യം മാധ്യമങ്ങള്‍ കണ്ടുപിടിച്ചുകൊള്ളാനായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്.

സര്‍ക്കാരിന്റെ നിലപാടു മാറ്റത്തെക്കുറിച്ച് വാര്‍ത്താചാനലുകളോട് ടെലിഫോണില്‍ പ്രതികരിക്കവേയാണ് ഒരു മന്ത്രിക്കെതിരേ പി.സി ജോര്‍ജ് ആരോപണമുന്നയിച്ചത്. സത്യപ്രതിജ്ഞാലംഘനം നടത്തിയത് ആരാണെന്ന് കണ്‌ടെത്താനുള്ള ചുമതല മുഖ്യമന്ത്രിക്കും കെപിസിസിക്കുമുണ്‌ടെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. സിബിഐ അന്വേഷണത്തിന് തീരുമാനിച്ചിട്ടില്ലെന്ന് വിമാനങ്ങളില്‍ ജീവിക്കുന്ന നന്ദകുമാര്‍ എങ്ങനെ അറിഞ്ഞുവെന്നും പി.സി ജോര്‍ജ് ചോദിച്ചു. ഈ മന്ത്രി നന്ദകുമാറിന് വിവരം ചോര്‍ത്തിക്കൊടുക്കുകയായിരുന്നു.

സര്‍ക്കാരിന്റെ നിലപാടുമാറ്റത്തിനെതിരേ കെ. മുരളീധരനും രംഗത്തെത്തി. ഇക്കാര്യത്തില്‍ യുഡിഎഫും കോണ്‍ഗ്രസും ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കാവൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.