Health & Fitness

പുകവലിയുടെ പരോക്ഷ പ്രശ്‌നങ്ങള്‍: നിയമം കര്‍ശനമാക്കണമെന്ന് വിദഗ്ദ്ധര്‍

ആലപ്പുഴ: പുകവലിക്കാത്തവര്‍ക്കും മറ്റുള്ളവരുടെ പുകവലിമൂലം രോഗങ്ങളുണ്ടാകുന്ന പരോക്ഷ പുകവലിയുടെ ദുരിതങ്ങള്‍ ചെറുക്കാന്‍ പുകവലി നിയന്ത്രണ നിയമങ്ങള്‍ ശക്തമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ ചികില്‍സാ വിഭാഗങ്ങളിലെയും വിദഗ്ധര്‍ക്ക് ഒരേ അഭിപ്രായം. ആലപ്പുഴ ജില്ലയില്‍ ഇത് അനിവാര്യമായിരിക്കുകയാണെന്നും അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി രംഗങ്ങളിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പുകവലിക്കാത്തവര്‍ക്ക്, പ്രത്യേകിച്ചു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരോക്ഷപുകവലിയുടെ മാരക സ്ഥിതി നേരിടേണ്ടിവരുന്നത് തടഞ്ഞേ പറ്റൂ.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് 2009-10ല്‍ നടത്തിയ ഗ്ലോബല്‍ ടുബാക്കോ സര്‍വേ (ഗാറ്റ്‌സ്) പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 15 വയസിനു മുകളിലുള്ള 18.7 ശതമാനം പേരും പൊതുസ്ഥലങ്ങളില്‍ പരോക്ഷ പുകവലിക്ക് ഇരകളാകുന്നു. ഇത്തരം പുകവലി, പുകവലിക്കാത്തവരില്‍ രോഗങ്ങളുണ്ടാക്കുന്നുവെന്നാണ് കേരളത്തിലെ 92.6 ശതമാനവും വിശ്വസിക്കുന്നതെന്ന കണ്ടെത്തലും സര്‍വേയിലുണ്ടായി. മറ്റുള്ളവര്‍ക്ക് ദോഷം ഉണ്ടാകുമെന്നറിഞ്ഞുകൊണ്ട് പൊതുസ്ഥലത്തു പുകവലിക്കുന്നവരെ തടയാന്‍ നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ആലപ്പുഴ ജില്ലയിലെ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ പുകവലി ഇപ്പോഴും തുടരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ചിങ്ങോലി കൃഷ്‌ണേന്ദു ആയുര്‍വേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. മോഹന്‍ ബാബു ചൂണ്ടിക്കാട്ടി. പുകവലി മൂലമുള്ള എല്ലാത്തരം കുഴപ്പങ്ങളും പരോക്ഷ പുകവലിക്കുമുണ്ട്. കുട്ടികളിലും സ്ത്രീകളിലുമാകട്ടെ ഇത് ചെറിയ കുഴപ്പങ്ങളല്ല ഉണ്ടാക്കുന്നത്. പുരുഷ•ാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശ്വാസകോശ ശേഷി കുറവാണ്. ഇത് അവരുടെ ശ്വസനപ്രക്രിയയെ പെട്ടെന്നു ബാധിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. എരിയുന്ന സിഗററ്റില്‍ നിന്നു നാലായിരത്തോളം വ്യത്യസ്ഥ രാസവസ്തുക്കളാണ് പുറത്തേക്കു വരുന്നത്. ഇത് ശ്വാസകോശ, ഹൃദയ, കാന്‍സര്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഗര്‍ഭിണിയായ സ്ത്രീക്ക് ഈ പുകയേറ്റാല്‍ അത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്നു. ഇതെല്ലാം പൊതുസ്ഥലത്തെ പുകവലിക്കെതിരായ നിയമ നടപടികളുടെ ആവശ്യകത വര്‍ധിപ്പിക്കുകയാണ്.

പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ മദ്യത്തിന്റേതുപോലെ ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയാല്‍ ഉപയോഗം കുറയ്ക്കാനാകുമെന്ന് ഡോ. ബാബു ചൂണ്ടിക്കാട്ടുന്നു. പൊതുജന ശബ്ദം ശക്തമായി ഉയര്‍ന്നാല്‍ മാത്രമേ നിയമപാലകര്‍ക്ക് ശക്തമായ നടപടിക്കു പ്രേരണയാവുകയുള്ളു.

പരോക്ഷ പുകവലിയുടെ ദുരന്തത്തില്‍ നിന്ന് ആലപ്പുഴ ജില്ലയെ രക്ഷിക്കാന്‍ ശക്തമായ നടപടി വേണമെന്ന് മുതിര്‍ന്ന ശിശുരോഗവിദഗ്ദ്ധനായ ഡോ. കൈലാസ് ചന്ദ്രബാനു പറഞ്ഞു. കുട്ടികള്‍ പുറത്തു നിന്നാണെങ്കിലും വീട്ടില്‍ നിന്നാണെങ്കിലും പരോക്ഷ പുകവലിക്കാരാകേണ്ടി വരുന്നത് അവരെ എപ്പോഴും ജലദോഷവും ആസ്തമയും ചെവിരോഗവും മറ്റും ഉള്ളവരാക്കുന്നു. അവരുടെ വിദ്യാഭ്യാസത്തെയും അക്കാദമിക് രംഗത്തെ മികവിനെയും മറ്റും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ഇതു വഴിതെളിക്കും. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചേ മതിയാകൂ – കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹം വിശദീകരിച്ചു.
കേന്ദ്ര പുകയില നിയന്ത്രണ നിയമമായ കോട്പയിലെ നാലാം വകുപ്പ് പൊതുസ്ഥലത്തെ പുകവലി നിരോധിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍, ബസ് സറ്റോപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നീ സ്ഥലങ്ങളൊക്കെ ഇതിന്റെ പരിധിയില്‍ വരും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 200 രൂപ വരെ പിഴ ഈടാക്കാം. ഇത്തരത്തില്‍ നിയമലംഘനം കൃത്യമായി റിപ്പോര്‍ട്ടുചെയ്ത് പിഴയീടാക്കാന്‍ ശ്രമിക്കാത്തപക്ഷം ഈ പൊതു സ്ഥലത്തിന്റെ ചുമതലയുള്ളയാള്‍ അവിടെ എത്രപേര്‍ നിയമംലംഘിക്കുന്നോ അത്രയും പേരുടെ മുഴുവന്‍ പിഴയും നല്‍കാന്‍ ബാധ്യസ്ഥരാകും. ”പുകവലി നിരോധിത മേഖല, ഇവിടെ പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണ്’ എന്ന ബോര്‍ഡുകള്‍ ഇത്തരം സ്ഥലങ്ങളുടെ പ്രവേശന കവാടത്തിലും അകത്ത് പെട്ടെന്നു ദൃശ്യമാകുന്ന സ്ഥലങ്ങളിലും നിയമാനുസൃതം സ്ഥാപിച്ചിരിക്കണം.
കാന്‍സറിനു വലിയ തോതില്‍ കാരണമാകുന്ന പരോക്ഷപുകവലിയില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ സാധ്യമാകുന്ന എല്ലാ നടപടികളും ആവശ്യമാണെന്നു മുതിര്‍ന്ന ഹോമിയോപ്പതി ഡോക്ടര്‍ ആര്‍. ദേവകുമാര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ഭയാനകമായ വിധത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സാമൂഹ്യപ്രതിബദ്ധത പ്രകടിപ്പിക്കേണ്ടത് പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ്. ആലപ്പുഴ ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ പുകവലിക്കെതിരായ പൊലീസ് പരിശോധന സമീപകാലത്ത് വര്‍ധിച്ചത് അഭിനന്ദനീയമാണെങ്കിലും നമുക്കിനിയും ഏറെ ദൂരം പോകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.