പ്രതിസന്ധി; കെഎസ്ആര്‍ടിസിക്ക് സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ അനുമതി

single-img
20 September 2013

KSRTCഇപ്പോഴുള്ള പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് തല്‍ക്കാലം സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കിയത്. ഇതിനായി തല്‍ക്കാലം കെഎസ്ആര്‍ടിസിക്ക് 10 കോടി രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ ഈ സൗകര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടരുന്നതിന് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്‌ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമമനുസരിച്ച് യാത്രക്കാരെ ഇരുത്തി ബസുകളില്‍ ഇന്ധനം നിറയ്ക്കാനാകില്ല. അതുകൊണ്ടു തന്നെ യാത്രയ്ക്കിടെ ഇന്ധനം നിറയ്‌ക്കേണ്ടി വന്നാല്‍ യാത്രക്കാരെ ഏതെങ്കിലും ഡിപ്പോയില്‍ ഇറക്കിയ ശേഷം പോയി ഡീസല്‍ അടിക്കേണ്ടി വരും. ഇതു കൂടാതെ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടത്തോടെ നഗരത്തിലെ പമ്പുകളിലെത്തിയാല്‍ വലിയ ഗതാഗത തടസമാകും റോഡുകളില്‍ ഉണ്ടാകുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. താല്‍ക്കാലിക പരിഹാരമെന്ന രീതിയിലാണ് സ്വകാര്യ പമ്പുകളില്‍ നിന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം വീണ്ടും പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.