പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; മോഡിക്കെതിരേ വീണ്ടും അഡ്വാനി

single-img
11 September 2013

LK-adwaniബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രഖ്യാപിക്കുന്നതിനെതിരേ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി എതിര്‍പ്പു കര്‍ക്കശമാക്കിയത് ബിജെപിയെ വെട്ടിലാക്കി. അഡ്വാനി പക്ഷത്തിന്റെ ഉടക്കിനെത്തുടര്‍ന്നു നാളെ ചേരാനിരുന്ന ബിജെപി ഉന്നതാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡിന്റെ യോഗം നീട്ടിവച്ചു. ഇടഞ്ഞുനില്‍ക്കുന്ന അഡ്വാനി ഉള്‍പ്പടെയുള്ള നേതാക്കളെ അനുനയിപ്പിക്കാന്‍ ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗിന്റെയും മുന്‍ പ്രസിഡന്റ് നിഥിന്‍ ഗഡ്കരിയും നടത്തിയ ശ്രമം പരാജയപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളില്‍ നവംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുവരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തരുതെന്ന വാദത്തില്‍ അഡ്വാനിക്കു പുറമേ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ ഉറച്ചുനില്‍ക്കുകയാണ്. അഡ്വാനിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നാഗ്പൂരിലെത്തി ഗഡ്കരി ആര്‍എസ്എസ് നേതാക്കളെ ധരിപ്പിച്ചു.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിക്ക് ആര്‍എസ്എസിന്റെ പരസ്യ പിന്തുണ ലഭ്യമായതിനു പിന്നാലെയാണു പാര്‍ട്ടിയിലെ പ്രതിസന്ധി. തിങ്കളാഴ്ച പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരാനാണു ബിജെപി നേതാക്കളുടെ ഇപ്പോഴത്തെ ആലോചന. ആര്‍എസ്എസ് മോഡിക്ക് പിന്തുണ അറിയിച്ചതോടെ പ്രഖ്യാപനം ഉടന്‍ നടത്തണമെന്നാണ് ബിജെപിയിലെ മോഡിപക്ഷത്തിന്റെ ആവശ്യം. ചൊവ്വാഴ്ച മോഡിയുടെ 64-ാം ജന്മദിന സമ്മാനമായി പ്രഖ്യാപനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.